കോപ്പന്‍ഹേഗന്‍: മധ്യ യൂറോപ്പില്‍ കനത്ത നാശം വിതച്ച മാലിക് കൊടുങ്കാറ്റില്‍ നാല് പേര്‍ മരിച്ചു. യുകെയിലും കാറ്റ് രണ്ടു പേരുടെ ജീവനെടുത്തു. നിരവധി പേര്‍ക്ക് കാറ്റിനിടെ മരം വീണും മറ്റും പരിക്കേറ്റു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും വ്യാപകമായ നാശനഷ്ടമുണ്ടായി. ഗതാഗത, വാര്‍ത്താവിനിമയ രംഗങ്ങളെയാകെ താറുമാറാക്കി. ലക്ഷക്കണക്കിന് വീടുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായി. ട്രയിന്‍ -റോഡ് ഗതാഗതം പലയിടത്തും മണിക്കൂറുകളോളം നിലച്ചു. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയുമാണ് കാറ്റ് നാശമുണ്ടാക്കിയത്. കാറ്റിനെ മുന്‍ നിര്‍ത്തി ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിനടുത്തുള്ള ബീലിറ്റ്‌സ് പട്ടണത്തില്‍ 58 കാരനാണ് നടന്നുപോകവെ ഇലക്ഷന്‍ പോസ്റ്റര്‍ വീണു മരിച്ചത്. ചെക്ക് റിപ്പബ്ലിക്കില്‍, പ്രാഗിൻറെ പടിഞ്ഞാറ് വെല്‍കെ പ്രിറ്റോക്നോയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വെയര്‍ഹൗസിൻറെ മതില്‍ വീണാണ് 70കാരന്‍ മരിച്ചത്. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ഡെന്മാര്‍ക്കിലെയും, ചെക്ക് റിപ്പബ്ലിക്കിലെയും പോളണ്ടിലെയും ഗതാഗതത്തെയും കാറ്റ് താറുമാറാക്കി. തെക്കുകിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലെ ബുഡാപെസ്റ്റില്‍ നിന്ന് പ്രാഗിലേക്കുള്ള ട്രെയിനില്‍ എഴുപതോളം യാത്രക്കാര്‍ വൈദ്യുതിയും ഹീറ്റിംഗും ഇല്ലാതെ നാലു മണിക്കൂറിലേറെ സമയം കുടുങ്ങി. ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി..
യുകെയിലും മാലിക് വന്‍ കെടുതിയുണ്ടാക്കി. ബ്രിട്ടൻറെ വടക്കന്‍ ഭാഗങ്ങളിലാണ് കാറ്റ് തകര്‍ത്താടിയത്. സ്‌കോട്ട്ലന്‍ഡില്‍, കാറ്റില്‍ മരം വീണ് ആണ്‍കുട്ടിയും 60 വയസ്സുള്ള സ്ത്രീയും മരിച്ചു. സ്‌കോട്ട്‌ലന്‍ഡിൻറെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 100 മൈലിലധികം വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടെ വ്യാപകമായി ഗതാഗത തടസ്സമുണ്ടായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും മുടങ്ങി.