ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻറെ ടെസ്റ്റ് ക്യാപ്റ്റന്‍സി പദവിയും ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോല്‍വിക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ കോഹ്ലിയുടെ പടിയിറക്കം. ശനിയാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള കോഹ്ലിയുടെ പ്രഖ്യാപനം.
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായാണ് കോഹ്ലി പടിയിറങ്ങുന്നത്. 2014/15 സീസണില്‍ മഹേന്ദ്രസിംഗ് ധോണിയെ മാറ്റിയാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിൻറെ നായകസ്ഥാനത്ത് എത്തുന്നത്. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലിക്ക് 40 എണ്ണത്തില്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാന്‍ സാധിച്ചു. തന്ൻറെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ആത്മാര്‍ഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പ്രഖ്യാപനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ നയിക്കുവാന്‍ ഇത്രയും നാളുകള്‍ അവസരം നല്‍കിയതിന് ബിസിസിഐക്കും നല്‍കിയ വലിയ പിന്തുണകള്‍ക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏല്‍പ്പിച്ചതിന് എം എസ് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ നിന്ന് നായക സ്ഥാനം കോഹ്ലി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും കൊഹ്ലിയെ ബിസിസിഐ ഒഴുവാക്കുകയായിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കോഹ്ലി നായകനായി ഉണ്ടാകുമ്പോള്‍ കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ഉണ്ടാകുന്ന ഊര്‍ജം വേറെ തന്നെയാണ്. തൻറെ അഗ്രസ്സീവ്‌നെസ്സും കളിയോടുള്ള ഇഷ്ടവും ആത്മാര്‍ത്ഥതയും കളിക്കാര്‍ക്ക് പകരുന്ന ആത്മവിശ്വാസവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഏഴ് വര്‍ഷത്തെ നായക പദവി ഒഴിഞ്ഞു കോഹ്ലി പടിയിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ളൊരു വീര നായകനെ കണ്ടെത്തുകയെന്നത് ബിസിസിഐ-ക്ക് കടുത്ത വെല്ലുവിളിയാകും.