പി സി ജോര്‍ജിന് കോടതി തുണയായി, പരാതിക്കാരിയില്‍ സംശയം പ്രകടിപ്പിച്ച് നിരീക്ഷണം

Headlines Kerala Politics

കൊച്ചി : മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി. പീഡന പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. യുവതി പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്. കൃത്യമായ കാര്യം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്ക് ഇത്തരം നിയമനടപടികളെ പറ്റി ധാരണയുണ്ടെന്നും നിരീക്ഷിച്ചു. പി സി ജോര്‍ജിൻറെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് പിസി ജോര്‍ജ്ജിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്. ഇതിൻറെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് പീഡന പരാതിയില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നത്. ഇത് സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. ഈ നടപടികള്‍ പോലീസ് പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിലായി മണിക്കൂറുകള്‍ക്ക് ശേഷം പിസി ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിയമവുമായി സഹകരിച്ച് പോകുന്നയാളാണ് പ്രതിയെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം പിസി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. കൊച്ചിയില്‍ അഡ്വ. ആളൂരിനെ സന്ദര്‍ശിച്ച ശേഷമാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്.