ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള കോവിഡ് വ്യാപനം ക്രിസ്മസ് യാത്രകളെയും അവധികളേയും പ്രതികൂലമായി ബാധിച്ചു. ലോകത്തെമ്പാടുമായി ആയിരക്കണക്കിന് ഫ്ളൈറ്റുകളാണ് നിര്‍ത്തലാക്കിയത്. ഫലത്തില്‍ തിരക്കേറിയ അവധിക്കാല യാത്രാ സീസണെയാകെ ഒമിക്രോണ്‍ വേരിയന്റ് തകിടം മറിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്രിസ്മസ് വാരാന്ത്യത്തില്‍ മാത്രം വിവിധ എയര്‍ലൈനുകള്‍ അവരുടെ 4,500 -ലധികം ഫ്ളൈറ്റുകളാണ് റദ്ദാക്കിയതെന്ന് ഫ്ളൈറ്റ് അവയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് ബാധ മൂലമുണ്ടായ സ്റ്റാഫ് ഷോര്‍ട്ടേജും മോശം കാലാവസ്ഥയുമാണ് ഇതിന് കാരണമായതെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു. ഡെല്‍റ്റ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും വെള്ളി, ശനി ദിവസങ്ങളില്‍ 600 -ലധികം വിമാനങ്ങള്‍ റദ്ദാക്കി.
ഡെല്‍റ്റ വെള്ളിയാഴ്ച 149 സര്‍വ്വീസുകളും ക്രിസ്മസ് ദിനത്തില്‍ 188 വിമാനങ്ങളും കാന്‍സല്‍ ചെയ്തു. അതേസമയം യുണൈറ്റഡ് 189 ഫ്ളൈറ്റുകളും വെള്ളിയാഴ്ച റദ്ദാക്കി. ശനിയാഴ്ചയും ഞായറാഴ്ചയും ഷെഡ്യൂള്‍ ചെയ്തതിൻറെ പത്ത് ശതമാനവും കമ്പനിയ്ക്ക് റദ്ദാക്കേണ്ടിവന്നു.
2020ല്‍ കോവിഡ് പകര്‍ച്ചവ്യാധി വിമാന യാത്രകളെ ബാധിച്ചു തുടങ്ങിയപ്പോള്‍ വിമാനക്കമ്പനികള്‍ തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. യാത്രകള്‍ പുനരാരംഭിച്ചെങ്കിലും ജീവനക്കാര്‍ പൂര്‍ണ്ണ തോതില്‍ തിരികെ സര്‍വ്വീസിലെത്തിയിട്ടില്ല. അതിനൊപ്പമാണ് ഒമിക്രോണും മോശം കാലാവസ്ഥയും കൂടി വില്ലനായത്.