ന്യൂഡല്‍ഹി: ലോകമെമ്പാടും കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുകയും, യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരം നല്‍കുകയും വേണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതുമുണ്ട്. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 1 മുതലാണ് പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരിക.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഹൈ റിസ്‌ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രയേല്‍, ഹോങ്കോങ് എന്നിവയാണ് ‘ഉയര്‍ന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയിലുള്ളത്.