മാഡ്രിഡ് : നാലു ദശാബ്ദം നീണ്ട ചരിത്രത്തിലെ വലിയൊരു മത്സ്യബന്ധന ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ് സ്പെയിന്‍. മാഡ്രിഡില്‍, ന്യൂഫൗണ്ട്‌ലാന്റില്‍ നിന്ന് ഏകദേശം 250 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ട്രോളര്‍ അപകടത്തില്‍പ്പെട്ട് 24 പേരെ കാണാതായത്. അവരില്‍ 10 പേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. മൂന്ന് പേരെ മാത്രമേ ജീവനോടെ കണ്ടുകിട്ടിയുള്ളു. ഇവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകട സൂചന ലഭിച്ചയുടന്‍ തന്നെ സ്പാനിഷ്, പോര്‍ച്ചുഗീസ് മത്സ്യബന്ധന ബോട്ടുകള്‍ സംയുക്തമായി കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു.
ചൊവ്വാഴ്ച മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടാതായതോടെ ബാക്കിയുള്ളവരെ കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ആറും ഏഴും മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ തിരച്ചിലിനെ ദുഷ്‌കരമാക്കുകയാണെന്ന് കനേഡിയന്‍ മിലിറ്ററി ലഫ്റ്റനന്റ് നിക്കോളസ് പ്ലൂര്‍ഡേ വ്യക്തമാക്കി. എന്നിരുന്നാലും, തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ, മരിച്ചവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി സ്പാനീഷ് പാര്‍ലമെന്റ് ഒരു മിനിറ്റ് മൗനമാചരിച്ചു. ദുരന്തമുണ്ടായ ഗലീഷ്യ മേഖലയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കടലില്‍ മരിച്ചവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ ഒരു വിവരവും സ്പെയിന്‍ പുറത്തുവിട്ടിട്ടില്ല. കാണാതായവര്‍ രക്ഷപ്പെടാനുള്ള സാധ്യത അവശേഷിക്കുന്നില്ലെങ്കിലും മൃതദേഹങ്ങളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞെങ്കിലെന്ന പ്രാര്‍ഥനയാണ് അവരുടെ കുടുംബാംഗങ്ങള്‍ക്കുള്ളത്.
കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ മത്സ്യബന്ധന മേഖലയിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഫിഷറീസ് മന്ത്രി ലൂയിസ് പ്ലാനസ് പറഞ്ഞു. 1984 ജൂലൈയില്‍ കാനറി ദ്വീപില്‍ ഇസ് ലമാര്‍ III എന്ന ബോട്ടു മുങ്ങി 26 പേര്‍ മരിച്ചിരുന്നു.