മെന്‍സസ് കാലത്ത് സ്ത്രീകള്‍ക്ക് ജോലിയില്‍ മൂന്നു ദിവസത്തെ അവധി നല്‍കി സ്പെയിന്‍

Breaking News Health Life Style Spain

മാഡ്രിഡ് : മെന്‍സസ് കാലത്ത് സ്ത്രീകള്‍ക്ക് ജോലിയില്‍ അവധി നല്‍കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി മാറുകയാണ് സ്പെയിന്‍. ഇതു സംബന്ധിച്ച നിയമം അടുത്തയാഴ്ച നിലവില്‍ വരും. മൂന്നു ദിവസത്തെ അവധിയാകും ലഭിക്കുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ത്തവ അവധിയ്ക്കുള്ള നിര്‍ദ്ദേശം സ്പെയിനില്‍ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുമെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. പദ്ധതിയെച്ചൊല്ലി ഇടതു സഖ്യ സര്‍ക്കാരില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സ്പാനിഷ് ട്രേഡ് യൂണിയനായ യുജിടിയുള്‍പ്പടെയുള്ള സംഘടനകളും ആര്‍ത്തവ അവധിയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സാംബിയ എന്നിവയുള്‍പ്പെടെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ആര്‍ത്തവ അവധി നല്‍കുന്നത്.

പ്രത്യുല്‍പാദന ആരോഗ്യം, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന പുതിയ നിയമത്തിലാണ് അവധി നിര്‍ദ്ദേശങ്ങളുള്ളത്. നിയമത്തിൻറെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് കഠിനമായ മലബന്ധം, ഓക്കാനം, തലകറക്കം, ഛര്‍ദ്ദി എന്നിവ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ഈ മൂന്നു ദിവസത്തെ അവധി അഞ്ച് ദിവസത്തേക്ക് നീട്ടാനും വ്യവസ്ഥയുണ്ടാകും.

ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ മൂന്നിലൊന്നും ഡിസ്മനോറിയ എന്നറിയപ്പെടുന്ന കടുത്ത വേദന അനുഭവിക്കുന്നതായി സ്പാനിഷ് ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ് സൊസൈറ്റി പറയുന്നു. കഠിനമായ വയറുവേദന, വയറിളക്കം, തലവേദന, പനി എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങളെന്നും സൊസൈറ്റി വ്യക്തമാക്കുന്നു.