അഭയാര്‍ത്ഥി ബോട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിന് പൗരത്വം നല്‍കി സ്‌പെയിന്‍

Breaking News Spain

മാഡ്രിഡ്: അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിന് പൗരത്വം നല്‍കി സ്‌പെയിന്‍. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് സ്‌പെയിനിലെ നിയമവകുപ്പ് അറിയിച്ചു. 2018 -ലാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി ബോട്ടില്‍ വെച്ച് കാമറൂണ്‍ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിൻറെ സുരക്ഷയും ഭാവിയും കണക്കിലെടുത്താണ് ഉത്തരവെന്ന് വടക്കന്‍ പ്രവിശ്യയായ ഗ്യൂപുസ്‌കോവയിലെ കോടതി പറഞ്ഞു. സമപ്രായക്കാരായ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി രാജ്യരഹിതയായി ഉപേക്ഷിക്കുന്നത് കുട്ടിയെ അസമത്വത്തിലേക്ക് നയിക്കും. പൗരത്വം നല്‍കാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശം അടക്കം കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം കൂടിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്‌പെയിനില്‍ എത്തിയതു മുതല്‍ തെക്കന്‍ തീരദേശ പട്ടണമായ താരിഫയില്‍ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞി കഴിയുന്നത്. കുഞ്ഞിൻറെ അമ്മയ്ക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ല.

രാജ്യത്ത് ജനിച്ചതുകൊണ്ട് മാത്രം സ്‌പെയിനില്‍ പൗരത്വം നേടാന്‍ ആകില്ല. അപേക്ഷകരുടെ മാതാപിതാക്കള്‍ സ്പാനിഷുകാരായിരിക്കുകയോ പത്ത് വര്‍ഷം സ്‌പെയിനില്‍ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം.

കഴിഞ്ഞ വര്‍ഷം 40,000 ല്‍ അധികം പേരാണ് അഭയം തേടി കടല്‍ മാര്‍ഗം സ്‌പെയിനില്‍ എത്തിയത്. ഇതില്‍ കൂടുതല്‍ പേരും മൊറോക്കോയില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച സ്‌പെയിനിലേക്കുള്ള അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചിരുന്നു. തെക്കുകിഴക്കന്‍ സ്പെയിനിലെ മുര്‍സിയ തീരത്താണ് ബോട്ട് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.