നൊബേൽ ജേതാവ് ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Africa Headlines Obituary

ർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിൻറെ മരണം സ്ഥിരീകരിച്ചത്. വർണവിവേചനത്തിന് എതിരായ പോരാട്ടത്തിൽ മുൻനിരക്കാരനായിരുന്ന ഡെസ്മണ്ട് ടുട്ടുവിനെ 1984 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ചിരുന്നു.

1996 ൽ ആർച്ച് ബിഷപ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ് എമെരിറ്റസ് സ്‌ഥാനം അലങ്കരിക്കുകയായിരുന്നു. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു

നെല്‍സന്‍ മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്മണ്ട് ടുട്ടുവിൻറെത് ആയിരുന്നു. ആംഗ്ലിക്കന്‍ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിൻറെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു. നിര്യാണത്തില്‍ വിവിധ രാഷ്ട്ര നേതാക്കള്‍ അനുശോചിച്ചു.

1931 ഒക്ടോബര്‍ ഏഴിനാണ് ജൊഹ്നാസ്ബര്‍ഗിലെ ക്ലെര്‍ക്‌സ്‌ഡോര്‍പ്പില്‍ ഡെസ്മണ്ട് ടുട്ടു ജനിച്ചത്. ദൈവശാസ്ത്ര സെമിനാരിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായിട്ടായിരുന്നു ജോലി. 1961 ലാണ് ആംഗ്ലിക്കന്‍ പുരോഹിതനായി ഡെസ്മണ്ട് ടുട്ടു അഭിഷിക്തനാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ നെല്‍സന്‍ മണ്ടേല അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം വര്‍ണ വിവേചനത്തിനെതിരായ കറുത്ത വര്‍ഗക്കാരുടെ പ്രധാന ശബ്ദമായി ടുട്ടു ഉയര്‍ന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തുടര്‍ന്ന് 1997 ല്‍ ഡെസ്മണ്ട് ടുട്ടുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ അണുബാധയെ തുടര്‍ന്നും മറ്റ് രോഗങ്ങള്‍ക്കുമായി നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.