അവസാന മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ തോല്‍വി. ടെസ്റ്റ് പരമ്പര 2-1ന് നേടിയതിന് പിന്നാലെ ഏകദിന പരമ്പരയും 3-0 ത്തിന് ദക്ഷിണാഫ്രിക്ക തൂത്തുവാരി. 288 റണ്‍സിൻറെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് പുറത്താവുകയായിരുന്നു.
നന്നായി ബാറ്റ് ചെയ്തിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും പുറത്തായതിന് ശേഷം ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം വിജയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടുപേരും തുടരെ പുറത്തായതോടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിച്ചു. എങ്കിലും തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ വാലറ്റത്തില്‍ ദീപക് ചാഹര്‍ നടത്തിയ മാരക വെടിക്കെട്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ തിരികെ കൊണ്ടുവന്നു. നിര്‍ഭാഗ്യവശാല്‍ ലക്ഷ്യം കാണും മുന്‍പേ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ചാഹര്‍ പുറത്തായതോടെ കാര്യങ്ങളെല്ലാം തലതിരിഞ്ഞു.
വിജയത്തിന് എട്ട് റണ്‍സ് അകലെയാണ് എന്‍ഗിഡിയുടെ പന്തില്‍ ചാഹര്‍ മടങ്ങിയത്. ഏഴാമനായി ക്രീസിലെത്തിയ ചാഹര്‍ 34 പന്തില്‍ 54 റണ്‍സ് അടിച്ചു. പിന്നാലെ ബുമ്രയും(12), ചാഹലും (2) പുറത്തായതോടെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 84 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ധവാന്‍ 73 പന്തില്‍ നിന്ന് 61 റണ്‍സ് നേടി. കാപ്റ്റന്‍ കെഎല്‍ രാഹുല്‍ 10 പന്തില്‍ നിന്ന് ആറ് റണ്‍സ് മാത്രം എടുത്ത് പുറത്തായി. റിഷഭ് പന്ത് ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായതും ഇന്ത്യക്ക് വിനയായി.
നേരത്തെ, ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിൻറെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 287 റണ്‍സ് നേടിയത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ജസ്പ്രീത് ബുമ്രയും ദീപക് ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.