കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടുകൂടി ഡിസംബറിലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളും. അതിതീവ്രമായ കോവിഡ് വേരിയന്റ് ലോകമെമ്പാടും ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് ബിസിസിഐ തീരുമാനമെടുക്കണമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നിര്‍ദേശിച്ചു.
മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്ന ഏഴാഴ്ചത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനം ഡിസംബര്‍ 17 മുതലാണ് ആരംഭിക്കാനിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് പരമ്പര സംബന്ധിച്ച് ബിസിസിഐ പുനര്‍വിചിന്തനത്തിന് ഒരുങ്ങുന്നത്.