കീവ് : ഉക്രൈനിലെ യുദ്ധ സ്ഥിതിഗതികള്‍ അതിരൂക്ഷമാകുന്നതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി. പോരാട്ടത്തില്‍ രാജ്യം തന്ത്രപ്രധാനമായ വഴിത്തിരിവിലാണ്. എന്നാല്‍ റഷ്യന്‍ സൈന്യം രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. തലസ്ഥാനമായ കീവിനെതിരെ വീണ്ടും ആക്രമണം സംഘടിക്കുന്നതിനുള്ള പുറപ്പാടിലാണ് റഷ്യന്‍ സൈന്യമെന്നും സെലന്‍സ്കി വിശദീകരിച്ചു.
റഷ്യന്‍ ആക്രമണം മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഉക്രൈനിയന്‍ ഭൂമി മോചിപ്പിക്കാന്‍ ഇനിയും എത്ര ദിവസം വേണ്ടിവരുമെന്ന് പറയാനാവില്ല. എന്നാല്‍ അത് കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നമ്മള് ലക്ഷ്യത്തിലേക്കും വിജയത്തിലേക്കും നീങ്ങുകയാണ്- സെലന്‍സ്കി പറഞ്ഞു.
തെക്കന്‍ നഗരമായ മരിയുപോളില്‍, റഷ്യന്‍ ഷെല്ലാക്രമണവും 12 ദിവസമായി തുടരുന്ന പ്രതിരോധവും കുറഞ്ഞത് 1,582 സിവിലിയന്മാരുടെ ജീവനെടുത്തതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു, ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണമോ വെള്ളമോ ഹീറ്റിങോ ഇല്ലാതെ കുടുങ്ങിയിരിക്കുകയാണ്.
റഷ്യയുടെ ബോംബിംഗില്‍ ഖാര്‍കിവിലെ ഒരു മാനസികരോഗാശുപത്രിയും 50 ഓളം സ്കൂളുകളും നശിപ്പിക്കപ്പെട്ടു. മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള ഒരു പുതിയ ശ്രമം പരാജയപ്പെട്ടതായും സൂചനയുണ്ട്. സ്ഥിതി ഗുരുതരമാണെന്ന് ഉക്രൈനിയന്‍ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.
കിഴക്കന്‍ പട്ടണമായ ഇസിയത്തിന് സമീപം ഒരു മാനസിക രോഗാശുപത്രിയില്‍ ആക്രമണമുണ്ടായതായി ഉക്രൈനിയന്‍ അധികൃതര്‍ പറഞ്ഞു. രോഗികള്‍ ബേസ്മെന്റില്‍ അഭയം തേടുകയായിരുന്നു. അതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.