ഇടുക്കി : ഇടുക്കിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി പിടിയില്‍. കാമാക്ഷി താമഠത്തില്‍ സിന്ധു (45)വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മണിക്കുന്നേല്‍ ബിനോയിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. തോട്ടം മേഖലയായ പെരിഞ്ചാംകുട്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ പേരില്‍ പൊലീസിന് ഏറെ പഴികേള്‍ക്കണ്ടിവന്നിരുന്നു. ബിനോയി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
കഴിഞ്ഞ ആഴ്ചയാണ് ബിനോയിയുടെ വീടിന്റെ അടുക്കളില്‍ കുഴുച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിനെ കാണാതായി മൂന്നാഴ്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ മണ്ണിനടിയില്‍ നിന്നും കൈയുടെ ഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി കൂടുതല്‍ മണ്ണ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് ബിനോയി നടത്തിയത്. കൊലപ്പെടുത്തിയ ശേഷം സിന്ധുവിന്റെ വസ്ത്രങ്ങള്‍ മാറ്റി പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഈ കുഴിയിലാകെ നായയ്ക്ക് മണം ലഭിക്കാതിരിക്കാന്‍ മുളക് പൊടിയും വിതറിയിട്ടുണ്ടായിരുന്നു.
സിന്ധുവിനെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. അമ്മയെ കാണാതായതിന്റെ പിറ്റേന്ന് ബിനോയി അടുക്കളയില്‍ നിര്‍മ്മാണപ്രവൃത്തി നടത്തുന്നതായി കണ്ടെന്ന് സിന്ധുവിന്റെ ഇളയ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് വേണ്ട രീതിയില്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. സിന്ധുവിനെ കാണാതായി ഒന്നുരണ്ടുദിവസങ്ങള്‍ക്കുശേഷമാണ് ബിനോയി സ്ഥലത്ത് നിന്നും മുങ്ങിയത്. പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇയാള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.