തുണിക്കടകളിലെ പെണ്‍പ്രതിമകളുടെ തലവെട്ടാന്‍ ഉത്തരവിട്ട് താലിബാന്‍

Afghanistan General Headlines

അഫ്ഗാനിസ്ഥാനിലെ തുണിക്കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പെണ്‍പ്രതിമകളുടെ തലവെട്ടിമാറ്റാന്‍ ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം. ഇത്തരം വിഗ്രഹങ്ങള്‍ ഇസ്ലാമിന് നിഷിദ്ധമാണെന്നും ശരീഅത്തിന് എതിരാണെന്നും അവര്‍ പറയുന്നു. സ്ത്രീകളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതടക്കം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിരവധി ഉത്തരവുകള്‍ താലിബാന്‍ നേരത്തെ ഇറക്കിയിരുന്നു.

അന്യസ്ത്രീകളെ നോക്കരുത് എന്നാണ് ഇസ്ലാമിൻറെ കല്‍പന. ഈ പ്രതിമകളില്‍ നോക്കുന്നതിലൂടെ ഇത് ലംഘിക്കപ്പെടുകയാണ്. അതിനാല്‍ പ്രതിമകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ആദ്യഘട്ടം എന്ന നിലയില്‍ തല മുറിച്ചു മാറ്റിയാല്‍ മതി എന്നാണ് താലിബാൻറെ ഉത്തരവ്.

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് നിയമം ആദ്യം നടപ്പിലാക്കിയത്. ഇവിടെയുള്ള തുണിക്കട വ്യാപാരികളോട് പെണ്‍പ്രതിമകളുടെ തലവെട്ടിമാറ്റണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലിബാന്‍ അറിയിച്ചു. പ്രതിമകളുടെ തല വെട്ടി മാറ്റുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷകള്‍ കൊണ്ടുവരും എന്ന് താലിബാൻറെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബി അറിയിച്ചിരുന്നു. കൈവെട്ടലും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകള്‍ നടപ്പിലാക്കും എന്നാണ് അറിയിച്ചിരുന്നത്.

അഫ്ഗാനിലെ വനിതാക്ഷേമ മന്ത്രാലയം താലിബാന്‍ പിരിച്ചുവിട്ടിരുന്നു. നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിനായി നന്മതിന്മ മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു. ആളുകള്‍ ഇസ്ലാമിക വസ്ത്രധാരണം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കേണ്ടതും ഈ മന്ത്രാലയത്തിൻറെ ചുമതലയാണ്. ദീര്‍ഘദൂര യാത്രകളില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ ഇണ്ടായിരിക്കണം എന്ന ഉത്തരവ് ഈ അടുത്താണ് കല്‍പിച്ചത്.