ഷോപിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

General

ഷോപിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ വധിക്കപ്പെട്ടത് .

4 വര്‍ഷം മുമ്ബ് ജമ്മു പോലീസില്‍ നിന്ന് പിരിഞ്ഞ് പോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍. സൈന്യവും പോലീസും സിആര്‍പിഎഫും ചേര്‍ന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത് .അതെ സമയം രണ്ട് ദിവസം മുമ്ബ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു.

“2017 മുതല്‍ കശ്മീര്‍ മേഖലയില്‍ സജീവമായ തീവ്രവാദികളില്‍ ഒരാളാണ് ഇഷ്ഫക് ദാര്‍ എന്ന അബു അക്രം. ജമ്മു കശ്മീര്‍ പോലീസുകാരനായിരുന്ന ഇഷ്ഫക് ദാര്‍ 2017 ലാണ് റാങ്ക് ഉപേക്ഷിച്ച്‌ തീവ്രവാദ സംഘത്തിനൊപ്പം ചേരുന്നത്. പൊലീസും സൈന്യവും കേന്ദ്ര റിസര്‍വ് പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്”, കശ്മീര്‍ പോലീസ് മേധാവി (ഐജിപി) വിജയ് കുമാര്‍ വ്യക്തമാക്കി .

ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച്‌ സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഇപ്പോഴും പ്രദേശത്ത് സൈന്യം സജീവമായി തുടരുകയാണ്.