ആഗോള കോവിഡ് നിരക്കില്‍ അയര്‍ലണ്ട് ഏഴാമത്

Breaking News Covid Europe

ഡബ്ലിന്‍: കോവിഡ് ബാധയില്‍ അയര്‍ലണ്ട് ലോകോത്തര’ നിലയിലേക്ക്. ലോകത്തിലെ ഉയര്‍ന്ന കോവിഡ് ബാധാ നിരക്കിൻറെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് അയര്‍ലണ്ട്. ആറ് ചെറിയ രാജ്യങ്ങളാണ് അയര്‍ലണ്ടിന് മുന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്. ആറ് മൈക്രോ സ്റ്റേറ്റുകളും ചെറിയ ദ്വീപ് രാഷ്ട്രങ്ങളുമാണിതെന്നും ഔര്‍ വേള്‍ഡ് ഇന്‍ ഡാറ്റ വെളിപ്പെടുത്തുന്നു

അറുബ, ഐല്‍ ഓഫ് മാന്‍, സൈപ്രസ്, കുറക്കാവോ, അന്‍ഡോറ, സാന്‍ മറിനോ എന്നിവ മാത്രമാണ് പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്.

1,00,000 ജനസംഖ്യയുള്ള ചെറിയ കരീബിയന്‍ ദ്വീപാണ് അരൂബ. ഇവിടെ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിദിന കേസുകളാണ് രേഖപ്പെടുത്തുന്നത്. ഒരു മില്യണ്‍ ആളുകള്‍ക്ക് 7,380 കേസുകള്‍ എന്നതാണ് ഇവിടുത്തെ രോഗബാധാ നിരക്ക്. ഐല്‍ ഓഫ് മാനാണ് രണ്ടാം സ്ഥാനത്ത്. ഒരു മില്യണ്‍ ആളുകള്‍ക്ക് 7,310 കേസുകളാണ് ഇവിടെ. മെഡിറ്ററേനിയന്‍ ദ്വീപായ സൈപ്രസാണ് മൂന്നാം സ്ഥാനത്ത്. ശരാശരി 4,840 പുതിയ പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലാമത് നില്‍ക്കുന്ന ഡച്ച് കരീബിയന്‍ ദ്വീപായ കുറക്കാവോയില്‍ 4,580 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അയര്‍ലണ്ടിന് തൊട്ടു മുകളിലാണ് യൂറോപ്യന്‍ മൈക്രോസ്റ്റേറ്റുകളായ അന്‍ഡോറ (4,550 കേസുകള്‍), സന്‍ മാറിനോ(4,360)യും

യുകെയും യുഎസും അയര്‍ലണ്ടിനെ അപേക്ഷിച്ച് വൈറസിൻറെ കുറഞ്ഞ പ്രതിദിന നിരക്ക് രേഖപ്പെടുത്തുന്നു, ഒരു ദശലക്ഷം ആളുകള്‍ക്ക് യഥാക്രമം 2,660, 1,810 പ്രതിദിന കേസുകള്‍.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ഇറ്റലിയിലും പ്രതിദിനം 2,00,000 പുതിയ കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അവിടുത്തെ ജനസംഖ്യ വലുപ്പവുമായി നോക്കുമ്പോള്‍ ഇത് ഒരു മില്യണ്‍ ആളുകള്‍ക്ക് യഥാക്രമം 3,060, 2,350 എന്നിങ്ങനെയാണ്.

ലോകമെമ്പാടും റെക്കോഡ് അണുബാധകള്‍ക്ക് കാരണമായ ഒമിക്രോണ്‍ വേരിയന്റ് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക ഈ പട്ടികയില്‍ വളരെ പിന്നിലാണെന്നതും ഈ കണക്കിലെ ഗൗരവതരമായ നിരീക്ഷണമാണ്. ഇവിടെ ഒരു മില്യണ്‍ ആളുകള്‍ക്ക് പ്രതിദിനം 138 എന്നതാണ് കേസുകളുടെ നിരക്ക്.