ആലപ്പുഴ : ജാതിയുടെയും ,രാഷ്ട്രീയത്തിൻറെയും പേരില്‍ കൊലവിളി ഉയര്‍ത്തുന്ന മൃഗീയ സംസ്‌കാരത്തിൻറെ വിളനിലമായി വീണ്ടും കേരളം. ഒരു എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഇന്നലെ വൈകുന്നേരം കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവവും ഉണ്ടായതോടെ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നും നാളെയുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബിജെപി നേതാവായ രഞ്ജിത്തിൻറെ കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരുന്നു സംഭവം. രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് 15 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത്.
അതേസമയം ഷാനിൻറെ കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആര്‍എസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിൻറെ ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ലക്ഷ്യത്തിൻറെ ഭാഗമാണെന്നും എസ്.ഡി.പി.ഐ പറഞ്ഞു.
ആലപ്പുഴയിലെ ബിജെപി നേതാവിൻറെ കൊലപാതകത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെയും കേരളാ പൊലീസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തെത്തി.. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻറെ കൊലപാതകത്തിന് പിന്നില്‍ വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിദാരുണമായ കൊലപാതകമാണ് നടന്നത്. പോപുലര്‍ ഫ്രണ്ട് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര വകുപ്പിൻറെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ കാലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആയുധ പരിശീലനവും ഭീകര പ്രവര്‍ത്തനവും നടത്തുന്നു.സമാധാന അന്തരീക്ഷം തകര്‍ക്കുകാണ് ലക്ഷ്യം. അവര്‍ പിന്തുടരുന്നത് താലിബാന്‍ മാതൃകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മിൻറെയും പൊലീസിൻറെയും പിന്തുണ അവര്‍ക്ക് ലഭിക്കുന്നുണ്ട്. പിണറായിയുടെ പൊലീസിൻറെയും സിപിഎം നേതാക്കളുടേയും സഹായം ഉള്ളതാണ് ഇത്തരം പ്രകോപനപരമായ നിലപാടിലേക്ക് നീങ്ങാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.
ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.