റഷ്യ-ഉക്രെയ്ന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാവും പ്രധാന വിഷയം. റഷ്യന്‍ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കീവിലും, കാര്‍ക്കീവിലും, സുമിയിലുമടക്കം റഷ്യന്‍ ആക്രമണം ശക്തമാണ്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആശങ്കകലും സജീവമാണ്. എന്നാല്‍ ആണവഭീഷണിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ വിദേശകാര്യമന്ത്രി. ആണവയുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. മാധ്യമങ്ങള്‍ക്കു നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻറെ പരാമര്‍ശം.
ഞായറാഴ്ചയാണ് റഷ്യയില്‍ നിന്ന് ആണവഭീഷണിയുണ്ടായത്. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതു സമ്മര്‍ദ തന്ത്രമാണെന്നു സംശയിക്കപ്പെടുന്നു. ഒരു കാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മൂന്നാം ലോകയുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്കു തയാറാണ്. ഉപാധികള്‍ യുക്രെയ്‌നു മുന്നിലുണ്ട്, അവരുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉക്രെയ്‌നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അധിനിവേശത്തിനും മറുപടിയായി റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് പിന്തുണ അറിയിച്ചതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.