മഞ്ചേരി : സന്തോഷ് ട്രോഫി ടൂര്‍ണ്ണമെൻറ് ക്ലാസിക് ഫൈനലിന് അരങ്ങൊരുങ്ങി. അന്തിമ പോരാട്ടത്തില്‍ ബദ്ധവൈരികളായ കേരളവും, വെസ്റ്റ് ബംഗാളും തമ്മിലാണ് കിരീടത്തിനായി ഏറ്റുമുട്ടുക. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. കര്‍ണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു.
സന്തോഷ് ട്രോഫിയില്‍ 46 തവണ ഫൈനലിന് യോഗ്യത നേടുകയും, 32 കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ടീമാണ് ബംഗാള്‍. അതേസമയം, 14 തവണ ഫൈനല്‍ കളിച്ച കേരളം 6 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ ബംഗാളിനെ അവരുടെ സ്വന്തം മണ്ണില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഏറ്റവും ഒടുവിലായി കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയത്.
മികച്ച ഫോമില്‍ മുന്നേറുന്ന പരിശീലകന്‍ ബിനോ ജോര്‍ജ്ജിൻറെ സംഘം മലപ്പുറത്തെ ഗ്യാലറിയെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇത്തവണ വീണ്ടും സന്തോഷ് ട്രോഫിയില്‍ മുത്തമിടും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മെയ് രണ്ടിന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് കലാശപ്പോരാട്ടം.