മഞ്ചേരി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായി കേരളം. വെസ്റ്റ് ബംഗാളിനെതിരായ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് കേരളം വിജയിച്ചത്. കേരളത്തിൻറെ ഏഴാമത് സന്തോഷ് ട്രോഫി കിരീട നേട്ടമാണ് ഇത്. ഇതിന് മുന്‍പ് 2018 സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ സമാനമായ രീതിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടമണിഞ്ഞത്.
നിശ്ചിത 90 മിനിറ്റില്‍ സമനിലയില്‍ പിരിഞ്ഞ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്ട്രാ ടൈമിൻറെ ആദ്യ പകുതിയില്‍ കേരള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ബംഗാള്‍ താരം ദിലീപ് ഓര്‍വന്‍ വലകുലുക്കി. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ കേരള ടീം സമനില ഗോളിനായി കിണഞ്ഞു ശ്രമിക്കുകയും എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഫ്‌നാദിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. വലതു വിങ്ങില്‍ നിന്നും നൌഫല്‍ നല്‍കിയ ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെയായിരുന്നു സഫ്‌നാദ് ഗോളാക്കി മാറ്റിയത്.
ശേഷം മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൌട്ടില്‍ കേരളത്തിൻറെ അഞ്ചു ശ്രമങ്ങളും ഗോളായി മാറിയപ്പോള്‍ ബംഗാളിൻറെ ഒരു ശ്രമം ലക്ഷ്യം കാണാതെ പുറത്തേക്ക് പോവുകയും ചെയ്തു.