ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നു. 2022 തൻറെ അവസാന സീസണായിരിക്കുമെന്ന് സാനിയ തന്നെയാണ് അറിയിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിൻറെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിൻറെ വിരമിക്കല്‍ പ്രഖ്യാപനം.
ഈ വര്‍ഷത്തിൻറെ തുടക്കത്തില്‍ അല്ലെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ പോലും ഇതെൻറെ അവസാന സീസണ്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെൻറെ അവസാന സീസണ്‍ ആയിരിക്കും. എനിക്ക് ഈ സീസണ്‍ മുഴുവന്‍ കളിക്കണമെന്നുണ്ട് അതിനു കഴിയുമോ എന്ന് ഉറപ്പില്ല സാനിയ മത്സരശേഷം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി.
ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27-ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68-ാം റാങ്കിലാണ് സാനിയ.