മോസ്‌കോ : ഉക്രൈയ്ന്‍ യുദ്ധത്തില്‍ പുതിയ അവകാശവാദവുമായി റഷ്യ. കീവില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യം തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. ശനിയാഴ്ച ഉക്രൈയ്നിൻറെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യന്‍ വന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.
വെള്ളിയാഴ്ചയാണ് മരിയൂപോള്‍ പിടിച്ചെടുത്തതായി മോസ്‌കോ അവകാശപ്പെട്ടത്. മരിയുപോളിൻറെ നഗരപ്രദേശങ്ങള്‍ സൈന്യം പൂര്‍ണമായും ‘വൃത്തിയാക്കിയതായി’ റഷ്യന്‍ പ്രതിരോധ വകുപ്പ് വിശദീകരിച്ചു.
ശനിയാഴ്ച വരെ, നഗരത്തിലെ ഉക്രൈയിന്‍ സേനയ്ക്ക് 4,000ത്തിലധികം ആളുകളെ നഷ്ടപ്പെട്ടതായി ആര്‍ഐഎ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവകാശവാദങ്ങളോട് കീവ് പ്രതികരിച്ചിട്ടില്ല. സൈന്യം മരിയുപോള്‍ പിടിച്ചെടുത്തെന്നും ഉക്രൈനിയന്‍ പോരാളികളുടെ ചെറിയ സംഘം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും റഷ്യ പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ ഇവിടെ ഉണ്ടായിട്ടുള്ള മനുഷ്യനാശമോ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഈ അവകാശവാദം ശരിയാണെങ്കില്‍ ഫെബ്രുവരി 24ലെ അധിനിവേശത്തിനു ശേഷം റഷ്യന്‍ സൈന്യത്തിൻറെ കീഴിലാകുന്ന ആദ്യത്തെ പ്രധാന നഗരമാകും മരിയുപോള്‍.
കരിങ്കടലില്‍ റഷ്യയുടെ യുദ്ധകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് റഷ്യ കൂടുതല്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തിവരികയാണ്. കീവിലെ ടാങ്ക് റിപ്പയര്‍ ഫാക്ടറി തകര്‍ത്തെന്ന് മോസ്‌കോ സ്ഥിരീകരിച്ചിരുന്നു. കീവിൻറെ വടക്കന്‍ ഭാഗത്തുനിന്നും പിന്മാറിയ റഷ്യ തെക്കും കിഴക്കും പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന.
വലിയ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് മരിയുപോളില്‍ നേരിടുന്നതെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
നമ്മുടെ സൈനികരെയും പരിക്കേറ്റവരെയും തടഞ്ഞിരിക്കുകയാണ്. മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. എന്നിരുന്നാലും, നമ്മുടെ ആണ്‍കുട്ടികള്‍ സ്വയം പ്രതിരോധിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ഉക്രൈയിന് ആയുധങ്ങള്‍ ആവശ്യമുണ്ടെന്നും അവ ഇപ്പോള്‍ത്തന്നെയാണ് ലഭിക്കേണ്ടതെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
ബലേറസില്‍ നിന്ന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പോളിഷ് അതിര്‍ത്തിക്കടുത്തുള്ള എല്‍വിവ് മേഖലയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും നാല് ക്രൂയിസ് മിസൈലുകള്‍ വ്യോമ സേന വെടിവച്ചിട്ടതായും ഉക്രൈയിന്‍ സൈന്യം അറിയിച്ചു. ഇതുവരെ 2,500-3,000 ഉക്രൈയിന്‍ സൈനികരും 20,000 റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായി സെലന്‍സ്‌കി പറഞ്ഞു.
1,351 പേര്‍ മരിച്ചുവെന്ന് മാര്‍ച്ച് 25ന് മോസ്‌കോ വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം അപ്‌ഡേറ്റൊന്നും നല്‍കിയിട്ടില്ല. റഷ്യന്‍ നഷ്ടങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ കണക്കുകള്‍ പലമടങ്ങ് കൂടുതലാണ്.