യുദ്ധം കനക്കുന്നു അടിക്കു തിരിച്ചടി റഷ്യ -ഉക്രെയ്‌ൻ

Breaking News Europe Russia

കീവ് : റഷ്യ- ഉക്രെയ്ന്‍ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇരുവശത്തുമായി നൂറിലധികം പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 40 ഉക്രെയ്ന്‍ സൈനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റഷ്യന്‍ സൈന്യത്തിൻറെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായും തിരിച്ചടിയില്‍ അന്‍പതോളം സൈനികരെ ഉക്രെയ്ന്‍ കൊലപ്പെടുത്തിയെന്ന് എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്‌നിൻറെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് ഉക്രെയ്ന്‍ സൈനിക മേധാവി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ യുക്രെയ്‌നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു.

യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്കും ആയുധം നല്‍കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും ആയുധം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി ഉക്രെയ്ന്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി ജര്‍മന്‍ സൈനികരുമായാണ് നിലവിലെ റഷ്യന്‍ സൈന്യത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് താരതമ്യപ്പെടുത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്നു പുലര്‍ച്ചെ സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാല കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ഉക്രെയ്‌നെ ആക്രമിക്കുകയായിരുന്നു. കീവ്, ഖാര്‍കിവ് എന്നിവയുള്‍പ്പെടെ നിരവധി യുക്രേനിയന്‍ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടപടിയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി സംസാരിക്കും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഉക്രെയ്ന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന് ഉക്രെയ്ന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും റഷ്യയും തമ്മില്‍ നല്ല ബന്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് പുടിനുമായും സെലെന്‍സ്‌കിയുമായി സംസാരിക്കണമെന്നും ഇന്ത്യയിലെ ഉക്രെയ്ന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞിരുന്നു.

നിലവില്‍ ഉക്രെയിനിലെ സെന്ററല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്‌നിയ (യുക്രെയ്ന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി.

റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്.