ബ്രസല്‍സ് : ഉക്രൈനെതിരെ റഷ്യ നീങ്ങുന്നതിൻറെ ശക്തമായ തെളിവുകളുമായി അമേരിക്ക. അതിര്‍ത്തിയിലേക്ക് റഷ്യ 1,30,000 -ലേറെ സൈനികരെ നീക്കിയെന്നാണ് അമേരിക്ക തെളിവ് നിരത്തുന്നത്. നിരവധി ടെന്റുകളും നൂറുകണക്കിന് വാഹനങ്ങളും വിന്യസിച്ചിരിക്കുന്ന ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു.
അമേരിക്കയും സഖ്യസേനകളും ബ്രിട്ടനും റഷ്യക്കെതിരെ നീങ്ങുന്നതിനിടെ അനാവശ്യ ഭീതിയാണ് ലോക രാഷ്ട്രങ്ങളുണ്ടാക്കുന്നതെന്ന പ്രസ്താവനയുമായി ഇതിനിടെ ഉക്രെയ്ന്‍ രംഗത്തെത്തി. ഇതിനിടെ നിരവധി രാജ്യങ്ങള്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനൊപ്പം വിമാന സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
റഷ്യയുടെ നീക്കത്തെ പ്രതിരോധിക്കുന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമീര്‍ സെലന്‍സ്‌കിയുമായി ഒരു മണിക്കൂറിനടുത്ത് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ലോക രാജ്യങ്ങളെല്ലാം ഉക്രയ്നൊപ്പമുണ്ടെന്നും റഷ്യക്കെതിരെ ഉപരോധമടക്കമുള്ള ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്നും ബൈഡന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
റഷ്യക്ക് ഉക്രൈനെതിരെ ഒരു നീക്കവും നടത്താന്‍ തങ്ങള്‍ സമ്മതിക്കില്ല. മേഖലയില്‍ റഷ്യയുണ്ടാക്കിയിട്ടുള്ളത് അനവസരത്തിലുള്ള സംഘര്‍ഷാവസ്ഥയാണ്. സാമ്പത്തികമായും തകര്‍ന്നിരിക്കുന്ന ചെറുരാജ്യങ്ങക്കെതിരെ അനാവശ്യ സമ്മര്‍ദ്ദമാണ് നടക്കുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ കാരണമാകു എന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ പ്രസ്താവന നടത്തിയിട്ടുണ്ട്.