കീവ് : റഷ്യയുടെ ഉക്രെയ്ന് ആക്രമണം ആസന്നമായെന്ന് സൂചന. അതിന് കോപ്പുകൂട്ടുന്നതിനുള്ള കൂടുതല്‍ സൈനിക സമാഹരണമാണ് ഉക്രെയ്നിലെ വിഘടനവാദ റിപ്പബ്ലിക്കുകളെ അംഗീകരിച്ചതിലൂടെ റഷ്യ നടത്തുന്നതെന്നാണ് കരുതുന്നത്. വിഘടനവാദ ഗ്രൂപ്പുകളെ അംഗീകരിച്ച് ഉക്രെയ്നെതിരെ കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണ് റഷ്യ ചെയ്യുന്നത്. യുദ്ധ സാധ്യത കണക്കിലെടുത്ത് ഉക്രെയിനിലെ അത്യാവശ്യമില്ലാത്ത ജീവനക്കാരെയും കുടുംബാംഗങ്ങളെയും സ്ഥലം മാറ്റുകയാണെന്ന് യുഎന്‍ അറിയിച്ചു.
അതിനിടെ, ആക്രമണത്തില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കുന്നതിന് ജര്‍മ്മനിയും ബ്രിട്ടനുമെല്ലാം പലവിധ സമ്മര്‍ദ്ദ നടപടികളും കൈക്കൊള്ളുന്നുണ്ട്. പുതിയ ഗ്യാസ് പൈപ്പ് ലൈനിൻറെ പേരില്‍ ജര്‍മ്മനി പിടിമുറുക്കിയപ്പോള്‍ ബാങ്കുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയാണ് ബ്രിട്ടന്.
വിഘടനവാദികളെ സഹായിക്കുന്നതിനെതിരെ പ്രത്യക്ഷ ഉപരോധ നടപടികളുമായി യു.എസും രംഗത്തുവന്നു. ഈ പ്രദേശങ്ങളിലെ യുഎസ് ബിസിനസ്സുകള്‍ നിര്‍ത്തിവെയ്ക്കാനും ഇവിടെ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനും യുഎസ് തീരുമാനിച്ചു.
അതിനിടെ, കിഴക്കന്‍ ഉക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് എന്നീ എന്‍ക്ലേവുകളുടെ സ്വാതന്ത്ര്യം അംഗീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻറെ പ്രഖ്യാപനത്തിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. 2014 മുതല്‍ റഷ്യന്‍ പിന്തുണയുള്ള പോരാളികള്‍ നിയന്ത്രിക്കുന്ന ഈ ഇരു പ്രദേശങ്ങളുമായുള്ള കരാറുകള്‍ക്കാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങള്‍ മാത്രമല്ല, കിഴക്കന്‍ ഉക്രെയ്നിലെ മുഴുവന്‍ പ്രദേശങ്ങളും ഈ എന്ക്ലേവുകളിലുള്പ്പെടുമെന്ന് പുടിന് വ്യക്തമാക്കിയത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ സേനയെ ഈ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനുള്ള പുടിൻറെ ഉത്തരവിനും പാര്‍ലമെന്റിൻറെ ഉപരിസഭ അനുമതി നല്കി.
ഉക്രെയ്നിലെ അധിനിവേശത്തിന് കാരണം സൃഷ്ടിക്കാനാണ് കിഴക്കന്‍ പ്രദേശങ്ങളെ മോസ്കോ അംഗീകരിച്ചതെന്ന് യു.എന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് സുരക്ഷാ കൗണ്‍സിലിൻറെ അടിയന്തര യോഗത്തില്‍ പറഞ്ഞു.
എല്ലാവരും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അതേസമയം, മോസ്കോയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് പൂര്‍ണ്ണ പിന്തുണ നല്കി ജപ്പാന് രംഗത്തുവന്നു.