മരിയുപോള്‍ തീയേറ്ററിലെ അഭയാര്‍ഥി കേന്ദ്രത്തിലെ കൂട്ടക്കുരുതി റഷ്യയ്ക്ക് തിരിച്ചടിയായതായി സൂചന

Breaking News Education Russia Ukraine

കീവ് : ഉക്രൈയ്‌നിലെ മരിയുപോള്‍ തീയേറ്ററിലെ അഭയാര്‍ഥി കേന്ദ്രത്തിലെ കൂട്ടക്കുരുതി റഷ്യയ്ക്ക് തിരിച്ചടിയായതായി സൂചന. ആക്രമണത്തില്‍ 300 പേര്‍ മരിച്ചെന്ന വാര്‍ത്ത ലോകവ്യാപക വിമര്‍ശനമുയര്‍ത്തിയതോടെ യുദ്ധലക്ഷ്യം മാറ്റാന്‍ റഷ്യ തീരുമാനിച്ചതായും നിരീക്ഷണമുണ്ട്. അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്ന തിയേറ്ററിന് നേരെ കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ വ്യോമാക്രമണമുണ്ടായത്. സിവിലിയന്‍മാര്‍ക്കെതിരായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

ഇതേ തുടര്‍ന്ന് തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തില്‍ നിന്ന് റഷ്യന്‍ സേന പിന്നോക്കം പോയതായാണ് യു എസ് പറയുന്നു. അതിനു പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് റഷ്യയും രംഗത്തുവന്നു.

ഉക്രൈയിൻറെ തെക്ക് കിഴക്കുള്ള ഡോണ്‍ബാസ് മേഖലയുടെ നിയന്ത്രണം നേടുന്നതിലാണ് റഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റഷ്യന്‍ ജനറല്‍ സ്റ്റാഫിൻറെ ഡെപ്യൂട്ടി ചീഫ് കേണല്‍-ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു.

ഓപ്പറേഷൻറെ ആദ്യ ഘട്ടത്തിൻറെ പ്രധാന ലക്ഷ്യം ഉക്രൈയ്‌നിൻറെ പോരാട്ട ശേഷി കുറയ്ക്കുകയെന്ന ലക്ഷ്യമാണ് റഷ്യയ്ക്കുണ്ടായിരുന്നത്. അത് പൊതുവില്‍ പൂര്‍ത്തീകരിച്ചു. ഇനി ഡോണ്‍ബാസിൻറെ വിമോചനമാണ് റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്നതെന്നും സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു.

മാരിയുപോള്‍ തിയേറ്ററിലെ മാര്‍ച്ച് 16ലെ നിരപരാധികളുടെ രക്തച്ചൊരിച്ചിലിലൂടെ മോസ്‌കോ യുദ്ധക്കുറ്റവാളിയായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളനുസരിച്ച്, സിവിലിയന്മാര്‍ക്കെതിരായ ബോധപൂര്‍വമായ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളാണെന്ന് നാറ്റോയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജിയോന പറഞ്ഞു. 1,300 -ലധികം ആളുകളാണ് തിയേറ്ററില്‍ അഭയം തേടിയിരുന്നതെന്ന് ഉക്രൈനിയന്‍ പാര്‍ലമെന്റിൻറെ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു.

ഈ ബോംബാക്രമണത്തിൻറെ മരണസംഖ്യ പോലും തിട്ടപ്പെടുത്താനായിരുന്നില്ല. റഷ്യന്‍ ഭാഷയില്‍ കുട്ടികളെന്ന് തീയേറ്ററിൻറെ പല ഭാഗങ്ങളിലും ബോര്‍ഡ് വെച്ചിരുന്നു. ഇതു പോലും കാണാതെയായിരുന്നു റഷ്യന്‍ ബോംബിംഗ്.

വെള്ളിയാഴ്ച തീയേറ്റര്‍ സംഭവത്തിൻറെ ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളില്‍ എത്തി ക്രൂരത വിവരിച്ചതോടെയാണ് റഷ്യയുടെ കണ്ണില്ലാത്ത ക്രൂരത സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ അവര്‍ എങ്ങനെയാണ് മീഡിയയ്ക്ക് മുന്നിലെത്തിയതെന്നത് ഇനിയും വ്യക്തമായിട്ടില്ല.

തീര്‍ത്തും സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ളതാണ് റഷ്യയുടെ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻറെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.