അയര്‍ലണ്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി റഷ്യ പുതിയ നിയമം പാസ്സാക്കി

Business Europe Headlines Russia

ഡബ്ലിന്‍ : അയര്‍ലണ്ടുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളെയും വിമാന പാട്ടക്കമ്പനികളേയും പ്രതിസന്ധിയിലാക്കിക്കൊണ്ട് റഷ്യ പുതിയ നിയമം പാസ്സാക്കി. വിമാനങ്ങള്‍ പിടിച്ചെടുക്കാനും അതുവഴി പാശ്ചാത്യ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് റഷ്യുടെ പുതിയ നിയമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

വിദേശ കമ്പനികളില്‍ നിന്ന് പാട്ടത്തിനെടുത്തവയുള്‍പ്പടെ റഷ്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമമാണ് റഷ്യ പാസാക്കിയത്. നിശ്ചിത തീയതിക്കുള്ളില്‍ രാജ്യത്തിൻറെ എയര്‍ക്രാഫ്റ്റ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എയര്‍ലൈനുകളെ അനുവദിക്കുന്നതാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ട പുതിയ നിയമം. മാര്‍ച്ച് 28നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം കമ്പനികളോട് നിഷ്‌കര്‍ഷിക്കുന്നു. വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് റഷ്യയില്‍ സര്‍വ്വീസ് നടത്തുന്ന നിരവധി കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നിയമം.

ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള തന്ത്രത്തിൻറെ ഭാഗമാണ് റഷ്യന്‍ നീക്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഏതാണ്ട് 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ പിടിച്ചെടുക്കാന്‍ ഈ നിയമം റഷ്യയ്ക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നാണ് റഷ്യന്‍ വിശദീകരണം.

റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ-ലീസ് ജെറ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെര്‍മുഡയിലും അയര്‍ലണ്ടിലുമാണ്. ഇവ സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ ജെറ്റുകളിലെ എയര്‍ വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് റഷ്യ പറഞ്ഞിരുന്നു. അതിന് ശേഷമാണ് റഷ്യന്‍ രജിസ്ട്രേഷന്‍ നിയമം കൊണ്ടുവന്നത്. സുരക്ഷാ അനുമതികളോടെ റഷ്യയുടെ ആഭ്യന്തരമേഖലയില്‍ വിമാനങ്ങള്‍ പറക്കുന്നത് നിലനിര്‍ത്താനാണ് റഷ്യയില്‍ ജെറ്റുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

പുതിയ നിയമവുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന വിമാനക്കമ്പനികള്‍, പാട്ടക്കാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ തമ്മിലുള്ള തര്‍ക്കവും നിയമയുദ്ധവും ദശാബ്ദത്തോളം നീണ്ടുനില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഒരേ സമയം ഒന്നിലധികം രാജ്യങ്ങളില്‍ സിവില്‍ വിമാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് മോസ്‌കോയുടെ പുതിയ നിയമമെന്നും വിമര്‍ശനമുണ്ട്. ഈ റഷ്യന്‍ നിയമം അംഗീകരിച്ചില്ലെങ്കില്‍ ഈ വിമാനങ്ങള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകും. അതിനാല്‍ ഈ നിയമം വലിയ കരാര്‍ സംവാദത്തിനും കേസുകള്‍ക്കുമെല്ലാം വഴിയൊരുക്കും.

നിലവിലെ നിയമമനുസരിച്ച് മുന്‍ രജിസ്ട്രിയില്‍ നിന്ന് രജിസ്ട്രേഷന്‍ റദ്ദാക്കിയതിൻറെ തെളിവും ഉടമയുടെ കരാറും ഇല്ലാതെ ഒരു വിമാനം രജിസ്റ്റര്‍ ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവുമാണ്. പാട്ടക്കരാര്‍ സ്ഥിരമാക്കുന്നതിനാണ് റഷ്യന്‍ നിയമമെന്ന് വ്യോമയാന ഉപദേഷ്ടാവ് ബെര്‍ട്രാന്‍ഡ് ഗ്രബോവ്സ്‌കി പറഞ്ഞു.