കീവ് : യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിൻറെ സമാധാന ദൗത്യത്തിനിടയിലും യുദ്ധവെറി കൈവിടാതെ റഷ്യ. ചൊവ്വാഴ്ച യു എന്‍ മേധാവിയും പുടിനും മോസ്‌കോയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇദ്ദേഹത്തിൻറെ ഇടപെടലിന് ശേഷവും റഷ്യന്‍ സൈന്യം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വ്യാഴാഴ്ച കനത്ത ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.
റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതിൻറെ തെളിവുകള്‍ കണ്ടെത്തിയ ഉക്രൈന്‍ നഗരങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ തലവന്‍ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും ഗുട്ടെറസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് റഷ്യന്‍ സൈന്യം കീവ് ആക്രമിച്ചത്. സിവിലിയന്‍മാരെ കൊന്നുതള്ളിയ ബുച്ച പോലുള്ള പട്ടണങ്ങളില്‍ നടന്ന അതിക്രമങ്ങളെ ഗുട്ടെറസ് അപലപിച്ച് ഇരു നേതാക്കളും വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
നഗരത്തിൻറെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഷെവ്‌ചെന്‍കിവ്‌സ്‌കി ജില്ലയില്‍ രണ്ട് മിസൈല്‍ ആക്രമണമുണ്ടായി. രണ്ട് ബഹുനില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
ഏറ്റവും ഭീകരമായ അക്രമണങ്ങളുണ്ടായ ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഗുട്ടെറസ് പര്യടനം നടത്തി. ലോകത്തില്‍ എവിടെ യുദ്ധമുണ്ടായാലും നാശമുണ്ടാകുന്നത് സാധാരണക്കാരായ പൗരന്മാര്‍ക്കായിരിക്കുമെന്ന് യു എന്‍ മേധാവി പറഞ്ഞു. മാരിയുപോള്‍ നഗരത്തിലെ ഉപരോധിച്ച സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് പലായനം ചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിച്ചതായും യു എന്‍ മേധാവി പറഞ്ഞു.
കഴിഞ്ഞ ദിവസം അദ്ദേഹം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെ സന്ദര്‍ശച്ചിരുന്നു. മോസ്‌കോ നാറ്റോയുമായി യുദ്ധത്തിലാണെന്നായിരുന്നു ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ആണവ സംഘര്‍ഷത്തിൻറെ ഭീഷണിയെ കുറച്ചു കാണേണ്ടതില്ലെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
അതിനിടെ, കിഴക്കന്‍ മേഖലയില്‍ റഷ്യയുടെ ആക്രമണം അതിശക്തമായി തുടരുകയാണെന്ന് ഉക്രൈന്‍ വ്യക്തമാക്കി. നിരവധി പട്ടണങ്ങള്‍ ആക്രമണത്തിനിരയായി. നാറ്റോ രാജ്യങ്ങളായ പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കും പ്രകൃതി വാതകം വിച്ഛേദിച്ചതിന് പിന്നാലെ റഷ്യന്‍ സൈന്യം ഉക്രൈന്‍ വളയാനും ശ്രമിച്ചിരുന്നു.
ആക്രമണത്തിൻറെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ റഷ്യന്‍ സൈന്യം കനത്ത ആക്രമണം തുടരുകയാണെന്ന് ഉക്രൈന്‍ സൈനിക ജനറല്‍ സ്റ്റാഫ് പറഞ്ഞു. വന്‍തോതില്‍ പടക്കോപ്പുകള്‍ ഇങ്ങോട്ട് എത്തിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.