കീവ് : റഷ്യ-ഉക്രെയിന്‍ സമാധാന ചര്‍ച്ചകളില്‍ സുരക്ഷിത ഇടനാഴികള്‍ക്ക് താല്‍ക്കാലിക ധാരണ. സിവിലിയന്‍മാര്‍ക്ക് കടന്നുപോകുന്നതിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഈ സമാധാന ഇടനാഴികള്‍ വഴിയൊരുക്കും. വ്യാഴാഴ്ച പോളിഷ് അതിര്‍ത്തിക്കടുത്തുള്ള ബലേറസിലാണ് കീവും മോസ്‌കോയും തമ്മില്‍ ചര്‍ച്ച നടന്നത്.
സുരക്ഷിത ഇടനാഴികളില്‍ വെടിനിര്‍ത്തല്‍ പാലിക്കുന്നതിന് റഷ്യയും ഉക്രെയ്നും പ്രാഥമിക ധാരണയിലെത്തിയതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകന്‍ മൈഖൈലോ പോഡോലിയാക് പറഞ്ഞു. പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ലെങ്കിലും രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ ഹ്യുമാനിറ്റേറിയന്‍ ഇടനാഴികളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞുവെന്ന് മൈഖൈലോ പോഡോലിയാക് ട്വിറ്ററില്‍ പറഞ്ഞു.
തൻറെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ‘അവസാനം വരെ’ യുദ്ധം തുടരുമെന്ന് പുടിന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞു. പുടിനുമായുള്ള 90 മിനിറ്റ് ഫോണ്‍ കോളിലായിരുന്നു പുടിൻറെ മുന്നറിയിപ്പ്. ഉക്രെയ്നെ ഡിമിലിറ്ററൈസ് ചെയ്യണമെന്നും ഡീനാസിഫൈ ചെയ്യണമെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെയല്ല, സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യം നേടുമെന്നും പുടിന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടുതല്‍ മോശമായ സ്ഥിതിയാണ് വരാനിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഓര്‍മ്മിപ്പിച്ചു.
അതിനിടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായുള്ള വീഡിയോ സംഭാഷണത്തില്‍, ഉക്രേനിയന്‍ നാഷണലിസ്റ്റ് ഗ്രൂപ്പുകള്‍ സിവിലിയന്‍മാരെ തടയുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആരോപിച്ചു. റഷ്യയെ ആക്രമിക്കാന്‍ സിവിലിയന്മാരെ കവചങ്ങളായി ഉപയോഗിക്കുകയാണെന്നും വെടിവയ്പ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.