കീവ് : റഷ്യ യുദ്ധം ശക്തമാക്കിയതായി ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. കിഴക്കന്‍ ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാന്‍ റഷ്യ വന്‍ തോതില്‍ ആക്രമണം നടത്തുകയാണെന്ന് സെലെന്‍സ്‌കി വെളിപ്പെടുത്തുന്നു.
റഷ്യന്‍ ആക്രമണം രൂക്ഷമായതായി കിഴക്കന്‍ ലുഗാന്‍സ്‌ക് റീജ്യണല്‍ ഗവര്‍ണര്‍ സെര്‍ജി ഗെയ്‌ഡേയും വെളിപ്പെടുത്തുന്നു. റൂബിഷ്‌നെയിലും പോപാസ്‌നയിലും ശക്തമായ പോരാട്ടം നടക്കുകയാണ്. മറ്റ് നഗരങ്ങളിലേയ്ക്കും യുദ്ധം വ്യാപിക്കുകയാണെന്ന് ഇദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കിഴക്കന്‍ ഉക്രൈയ്നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ എട്ട് സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി ലോക്കല്‍ അതോറിറ്റി അറിയിച്ചു. ഡോണ്‍ബാസ് മേഖലയില്‍ വന്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് ഉക്രൈയ്ന്‍ സൈന്യം നേരത്തേ പ്രവചിച്ചിരുന്നു.
2014 മുതല്‍ മോസ്‌കോ അനുകൂല വിഘടനവാദികള്‍ ഭാഗികമായി നിയന്ത്രിച്ചിരുന്ന മേഖലയാണ് ഡോണ്‍ബാസ്. തലസ്ഥാനമായ കീവില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതോടെയാണ് റഷ്യ കിഴക്കന്‍ ഉക്രൈയ്നില്‍ പോരാട്ടം ശക്തമാക്കിയത്.
വളരെക്കാലമായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് സെലന്‍സ്‌കി പറഞ്ഞു. വന്‍ സൈനിക സന്നാഹത്തെയിറക്കിയാണ് റഷ്യ ആക്രമം നടത്തുന്നതെന്ന് അദ്ദേഹംപറഞ്ഞു. എത്ര സൈനികരെ കൊണ്ടുവന്നാലും നേരിടുമെന്നും പ്രതിരോധിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.