പോളണ്ടിനും ബള്‍ഗേറിയയ്ക്കും ഗ്യാസ് കൊടുക്കില്ലെന്ന് റഷ്യ

Business Headlines International Russia

വാര്‍സോ : റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ഡോളറിന് പകരം റൂബിള്‍ ഉപയോഗിക്കണമെന്ന റഷ്യയുടെ നിര്‍ദ്ദേശം തള്ളി പോളണ്ടും ബള്‍ഗേറിയയും. ഇതേ തുടര്‍ന്ന് തങ്ങളുടെ നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ ഇരു രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തലാക്കുകയാണെന്ന് റഷ്യയും അറിയിച്ചു.

റഷ്യയോട് സൗഹൃദം ഇല്ലാത്ത വിദേശ രാജ്യങ്ങള്‍ ഇന്ധനം വാങ്ങുമ്പോള്‍ ഡോളറിനും യൂറോയ്ക്കും പകരം റൂബിളില്‍ ഇടപാട് നടത്തേണ്ടിവരുമെന്ന് പുടിന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഹംഗറി മാത്രമേ ഇത്തരത്തില്‍ ഇടപാട് നടത്താന്‍ സമ്മതിച്ചിട്ടുള്ളൂ, പോളണ്ട് പോലെയുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആവശ്യം നിരസിച്ചു.

ഇതിനെതിരായി റഷ്യയുടെ ആദ്യ നടപടിയാണ് പോളണ്ടിനും, ബള്‍ഗേറിയയ്ക്കും ഗ്യാസ് കൊടുക്കില്ലെന്ന നിലപാട്. മറ്റ് രാജ്യങ്ങളിലേക്കും ഡെലിവറികള്‍ നിര്‍ത്തിയാല്‍, അത് യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കും, പ്രകൃതിവാതക വില വര്‍ദ്ധിക്കുകയും റേഷനിംഗിലേക്ക് നയിക്കുകയും ചെയ്യും – എന്നാല്‍ ഇത് റഷ്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്നതിനാല്‍ റഷ്യ അത്തരം നീക്കം നടത്തില്ലെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.

പോളണ്ടില്‍ ധാരാളം പ്രകൃതിവാതകം സംഭരിച്ചിട്ടുണ്ടെന്നും കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പോളണ്ട് ഊര്‍ജ മന്ത്രി വ്യക്തമാക്കി. റഷ്യന്‍ അധിനിവേശ സമയത്ത് പോളണ്ട് അയല്‍രാജ്യമായ ഉക്രെയ്ന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. കൂടാതെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും നല്‍കിയ ആയുധങ്ങള്‍ കീവിലേക്ക് എത്തിക്കാന്‍ ഇടനിലക്കാരായത് പോളണ്ട് ആയിരുന്നു. ഇതും റഷ്യയ്ക്ക് പോളണ്ടിന് മേല്‍ അനിഷ്ട്ടമുണ്ടാക്കാന്‍ കാരണമായി.

അതേസമയം, ബള്‍ഗേറിയക്ക് ആവശ്യമായ 90% ഗ്യാസും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ഉപഭോഗത്തിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തില്ലെന്നും ബള്‍ഗേറിയ പറഞ്ഞു. ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഗ്യാസ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 6.5 ദശലക്ഷം ജനസംഖ്യയുള്ള ബാള്‍ക്കന്‍ രാജ്യം അറിയിച്ചു.