റഷ്യക്കെതിരെ ആഞ്ഞടിച്ച് ജോ ബൈഡന്‍

Europe Headlines

ഉക്രെയ്നിനെതിരെയായ റഷ്യന്‍ നീക്കത്തെ നേരിടുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ നേരിട്ട് ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

നാറ്റോ അംഗമല്ലാത്ത ഉക്രെയ്‌നിലേക്ക് സൈനികരെ അയയ്ക്കാന്‍ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ പുടിനെതിരെ നേരിട്ടുള്ള ഉപരോധം പരിഗണിക്കും. ഉക്രെയ്‌നെ ആക്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പറഞ്ഞു.

അതിനിടെ സൈനിക ഉപകരണങ്ങളും യുദ്ധസാമഗ്രികളുമായി യുഎസ് വിമാനം കീവിലെത്തി. ഉക്രെയ്ന് വേണ്ടിയുള്ള 200 മില്യണ്‍ ഡോളറിൻറെ ഭാഗമായ സുരക്ഷാ പാക്കേജിൻറെ മൂന്നാമത്തെ ഷിപ്മെന്റാണിത്.

8,500 യുഎസ് സൈനികരെ നാറ്റോയുടെ കിഴക്കന്‍ ഭാഗത്തേക്ക് വിന്യസിക്കാനുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയാല്‍ യൂറോപ്പിലേക്കുള്ള വിതരണം വഴിതിരിച്ചുവിടാനുള്ള സാധ്യതകളും യുഎസ് തേടുന്നുണ്ട്. ഇതിൻറെ ഭാഗമായി ലോകമെമ്പാടുമുള്ള പ്രധാന ഊര്‍ജ്ജോത്പാദക രാജ്യങ്ങളുമായും കമ്പനികളുമായും ചര്‍ച്ച നടത്തുകയാണെന്ന് വാഷിംഗ്ടണില്‍ മുതിര്‍ന്ന അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയുവിൻറെ ഇന്ധനവിതരണത്തിൻറെ മൂന്നിലൊന്നും റഷ്യയെ ആശ്രയിച്ചുള്ളതാണ്. അതിനാല്‍ റഷ്യയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാകുന്നത് ക്ഷാമവും ഊര്‍ജ്ജ പ്രതിസന്ധിയുമുണ്ടാക്കുമെന്ന ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് ഈ ഒരുക്കങ്ങള്‍.