മോസ്‌കോ : യുദ്ധം മുറുകുന്നതിനിടെ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തി റഷ്യന്‍ ഭരണകൂടം. റഷ്യയുടെ 146 മില്യണ്‍ പൗരന്മാര്‍ക്കാണ് ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കുമുള്ള പ്രവേശനം നിഷേധിച്ചത്. ബിബിസി, വോയ്സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി എന്നിവയുള്‍പ്പെടെയുള്ളവയ്ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള പോസ്റ്റുകളുടെ വസ്തുത പരിശോധിക്കുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് റഷ്യയ്ക്കുള്ള ഫേസ്ബുക്ക് സേവനം പരിമിതപ്പെടുത്തിയിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് റഷ്യന്‍ നടപടിയുണ്ടായത്. റഷ്യന്‍ ഫെഡേഷനില്‍ നിന്നും മെറ്റ ഉടമസ്ഥതയിലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലേയ്ക്കുമുള്ള ആക്സസ് നിഷേധിക്കാന്‍ തീരുമാനിച്ചതായി കമ്മ്യൂണിക്കേഷന്‍സ് വാച്ച്‌ഡോഗ് കോംനാഡ്‌സോര്‍ സ്ഥിരീകരിച്ചു.
റഷ്യന്‍ മാധ്യമങ്ങളോടുള്ള വിവേചനം കാരണമാണ് യുദ്ധത്തിൻറെ ഒമ്പതാം ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തടഞ്ഞതെന്ന് റോസ്‌കോംനാഡ്‌സോര്‍ പറഞ്ഞു. 2020 ഒക്ടോബര്‍ മുതല്‍ റഷ്യന്‍ മാധ്യമങ്ങളോടും ഇന്‍ഫര്‍മേഷന്‍ സോഴ്സുകളോടും ഫേയ്‌സ്ബുക്ക് കടുത്ത വിവേചനമാണ് കാട്ടുന്നത്. ഇത്തരത്തില്‍പ്പെട്ട 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വസ്ദ ടിവി ചാനല്‍, ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സി, സ്പുട്‌നിക്, റഷ്യ ടുഡേ, ലെന്റ, ഗസറ്റ. ഇന്‍ഫര്‍മേഷന്‍ സോഴ്സുകള്‍ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസും നിയന്ത്രിച്ചിരുന്നു.
റഷ്യക്കാരെ നിശ്ശബ്ദരാക്കിയെന്ന് ഫേസ്ബുക്കിൻറെ മാതൃ കമ്പനിയായ മെറ്റയിലെ ആഗോള കാര്യങ്ങളുടെ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. മില്യണ്‍ കണക്കിന് സാധാരണ റഷ്യക്കാര്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാതെ പോകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നതിനുള്ള ദൈനംദിന വഴികളും നഷ്ടമാകും. ഫലത്തില്‍ അവര്‍ നിശബ്ദരാകും. സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യും.
റഷ്യക്കാര്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് നിയന്ത്രണമുണ്ടെന്ന് ട്വിറ്റര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. റഷ്യ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് ട്വീറ്റില്‍ കമ്പനി പറഞ്ഞു. സേവനം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.