കീവ് : ലോകത്തെ ആശങ്കയിലാക്കി ഉക്രെയ്‌നെതിരെ യുദ്ധമാരംഭിച്ച് റഷ്യ. ഉക്രെയ്‌നില്‍ സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ടതിന് ശേഷമാണ് ലോകത്തെ ആശങ്കയിലാഴ്ത്തി ഉക്രെയ്‌നില്‍ റഷ്യ വ്യോമാക്രമണമാരംഭിച്ചത്. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് റഷ്യന്‍ സൈന്യം മറുപടി നല്‍കുമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്നും പുട്ടിന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഷ്യ എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുട്ടിൻറെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം ഉക്രൈന്‍ തേടിയിട്ടുണ്ട്.
സൈനിക നടപടി പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയ്‌ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടനശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീവില്‍ തുടര്‍ച്ചയായി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെവിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. സര്‍വ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് ഉക്രെയ്‌ന്‍ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഉക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക രംഗത്ത് വന്നു. ഉക്രെയ്‌നിലെ സൈനിക നടപടിക്ക് റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും തുടര്‍നടപടികള്‍ ജി7, നാറ്റോ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തികളിലൊന്നായ റഷ്യയെ പക്ഷേ അധികസമയം നേരിടാന്‍ ഉക്രെയ്‌ന് സാധിക്കില്ല. അമേരിക്കയും നാറ്റോയും വിഷയത്തില്‍ സ്വീകരിക്കുന്ന അടിയന്തര നിലപാട് എന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധമുനമ്പായി മാറുകയാണ്.
യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മണിക്കൂറുകളില്‍ തന്നെ ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ പത്ത് രൂപയോളം പെട്രോല്‍ വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സ്വര്‍ണവില കുതിച്ചു കയറുകയും ആഗോളഓഹരി വിപണിയില്‍ കനത്ത ഇടിവിനും സാധ്യത നിലനില്‍ക്കുന്നു.
അതിനിടെ 182 ഇന്ത്യക്കാരുമായി ഉക്രെയിന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തി. ഉക്രെയ്‌നില്‍ ഇപ്പോഴും മലയാളികളടക്കമുള്ള ഇന്ത്യക്കാരുണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. 25000 -ത്തോളം ഇന്ത്യക്കാര്‍ അവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അടിയന്തരമായി രാജ്യം വിടണമെന്ന് രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യ അയച്ച വിമാനങ്ങളിലും സ്വന്തം നിലയിലുമായി നിരവധി പേര്‍ രാജ്യം വിട്ടെങ്കിലും പതിനായിരത്തോളം പേര്‍ ഇപ്പോഴും ഉക്രെയ്‌നിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.