കീവ് : ഉക്രെയ്ന്‍ സംഘര്‍ഷത്തിന് തെല്ല് ആശ്വാസമേകിക്കൊണ്ട് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യ സമ്മതിച്ചു. ചില ട്രൂപ്പുകളെ താവളത്തിലേക്ക് തിരിച്ചയക്കുന്നതിൻറെ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പ്രസിദ്ധീകരിച്ചതോടെയാണ് സ്ഥിഗതികളില്‍ അയവുവന്നുവെന്ന സൂചന പരന്നത്. എന്നാല്‍ ഈ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് യുഎസും സഖ്യകക്ഷികളും പാശ്ചാത്യ രാജ്യങ്ങളും കാണുന്നത്.
റഷ്യന്‍ നീക്കത്തെ സ്ഥിരീകരിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. റഷ്യയുടെ പിന്‍മാറ്റം ദുരൂഹമാണെന്ന് യുഎസ് പ്രസിഡന്റ് ആരോപിച്ചു. അതിനിടെ സ്ഥിതിഗതികളില്‍ അയവുവരുമെന്ന പ്രതീക്ഷ പരന്നതോടെ റഷ്യന്‍ ഓഹരികളും സര്‍ക്കാര്‍ ബോണ്ടുകളും റൂബിളും കുത്തനെ ഉയര്‍ന്നു. ഉക്രേനിയന്‍ സര്‍ക്കാര്‍ ബോണ്ടുകളും റാലി ചെയ്തു.
ജര്‍മ്മന്‍ നയതന്ത്ര ഇടപടലിൻറെ ഭാഗമായാണ് ഇപ്പോഴത്തെ നേരിയ മഞ്ഞുരുകലെന്നാണ് സൂചന. എന്നിരുന്നാലും അത്രകണ്ട് ആശ്വസിക്കാനുള്ള വകയും പുതിയ നീക്കത്തിന് പിന്നിലില്ല. ഉക്രെയ്നെ നാറ്റോ അംഗമാക്കുന്നതിനെതിരായ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ റഷ്യ തയ്യാറായിട്ടില്ലെന്ന് വ്ളാഡിമിര്‍ പുട്ടിന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ജര്‍മ്മന്‍ ചാന്‍സലറുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുട്ടിന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക നീക്കങ്ങളെക്കുറിച്ച് ഹ്രസ്വമായി മാത്രമേ പരാമര്‍ശിച്ചുള്ളു. വിശദാംശങ്ങള്‍ നല്‍കാന്‍ ഇദ്ദേഹം തയ്യാറായില്ല.
ഉക്രെയ്‌നെ ആക്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം ഇരട്ടിയാക്കാനുള്ള പൈപ്പ്‌ലൈന്‍ നോര്‍ഡ് സ്ട്രീം 2ന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉക്രെയ്‌നിലൂടെയുള്ള നിലവിലെ റൂട്ടില്‍ നിന്ന് പൈപ്പ്‌ലൈന്‍ വഴിതിരിച്ചുവിടുന്നത് റഷ്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് ഫീസ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2024ന് ശേഷവും ഉക്രെയ്ന്‍ വഴിയുള്ള ഗ്യാസ് വിതരണം തുടരാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ വ്യക്തമാക്കി.