റോം : ഈ വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിനു ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഇന്നു സാക്ഷ്യംവഹിക്കുന്നു. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി ഇന്നലെകളില്‍ കണ്ട ഭാരത സഭാമക്കളില്‍നിന്ന് ഇതാദ്യമായി ഒരു അത്മായ വിശുദ്ധന്‍. ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നിന്നതിൻറെ പേരില്‍ രാജഭടന്മാരുടെ വെടിയേറ്റു കാട്ടിലേക്കു വലിച്ചെറിയപ്പെട്ട രക്തസാക്ഷി.
വാക്കുകളിലും വരകളിലുമൊതുങ്ങുന്നതല്ല ഈ ധീര രക്തസാക്ഷിയുടെ ജീവിതയാത്രയും വിശ്വാസ ചൈതന്യവും. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ഭാരതം അഭിമാന പുളകിതമാകും. അത്മായ വിശ്വാസി സമൂഹത്തില്‍ ആഹ്ലാദംമാത്രമല്ല പ്രതീക്ഷകളുമുണരും. കേരളീയര്‍ക്കും ഈ ദിനം ഇരട്ടി മധുരമേകും. കാരണം, കേരളത്തിൻറെ ഭൂവിഭാഗങ്ങളുള്‍പ്പെടുന്ന പഴയ തിരുവിതാംകൂര്‍ രാജ്യത്തില്‍ ജനിച്ചു വളര്‍ന്നു രാജ്യസേവനം നടത്തി അവസാനം രക്തസാക്ഷിയായ വിശുദ്ധനാണ് ദേവസഹായം പിള്ള. തമിഴ്നാട്-കേരള അതിര്‍ത്തിയായ മാര്‍ത്താണ്ഡം-കോട്ടാര്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വിശുദ്ധ ജീവിതത്തിൻറെ സുപ്രധാന നിമിഷങ്ങള്‍.
തിരുവിതാംകൂര്‍ രാജ്യത്തിൻറെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്തു നട്ടല്ലം എന്ന സ്ഥലത്ത് ഒരു നമ്പൂതിരി കുടുംബത്തില്‍ 1712 ഏപ്രില്‍ 23 നു നീലകണ്ഠന്‍ പിള്ള ജനിച്ചു. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ചെറുപ്പത്തില്‍ത്തന്നെ ആയോധന കലകളോടൊപ്പം മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളും പഠിച്ച് പ്രാവീണ്യം നേടി. അമരാവതിപുരം മേക്കൂട് തറവാട്ടിലെ ഭാര്‍ഗവിയമ്മയെ വിവാഹം കഴിച്ചു.
ഭൗതിക ജീവിതയാത്രയിലെ നിര്‍ണായക നിമിഷങ്ങളില്‍ ക്രിസ്തുവിനെ സ്വന്തമാക്കുകമാത്രമല്ല അന്തരാത്മാവിൻറെ ഉള്ളറകളില്‍ ഊട്ടിയുറപ്പിച്ച ക്രിസ്‌തു ചെതന്യത്തിന്റെ ശക്തിയില്‍ പ്രകാശപൂരിതനായി ക്രിസ്തുവിനു വേണ്ടി സ്വജീവന്‍ വെടിഞ്ഞ ദേവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആഗോള കത്തോലിക്കാ സഭയുടെ അള്‍ത്താരയില്‍ അനേകായിരങ്ങളുടെ വണക്കത്തിനായി ഒരു പുത്തന്‍ പ്രകാശംകൂടി ഇനിമുതല്‍ ജ്വലിച്ചുയരും.
ഭാരത കത്തോലിക്കാസഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും ഏറെ ആത്മീയ ഉണര്‍വും വിശ്വാസപ്രതീക്ഷകളുമേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി. അത്മായ സമൂഹത്തില്‍നിന്നൊരു വിശുദ്ധന്‍ എന്നത് ഇതിന് മാറ്റുകൂട്ടുന്നു. സഭ ഇന്നും ഒട്ടേറെ പ്രതിസന്ധികളെ നേരിടുമ്പോഴും വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുവാനും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷ ചൈതന്യത്തില്‍ നിറഞ്ഞു പ്രകാശിക്കാനും വിശുദ്ധ ദേവസഹായം പിള്ള പ്രചോദനമേകുന്നു.