ഡബ്ലിന്‍ : ഫെബ്രുവരി 25ന് ശേഷം ഉക്രെയ്‌നില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തിയവര്‍ 22,000-ലധികം ആയതോടെ അവര്‍ക്കുള്ള താമസ സൗകര്യം നല്കാനാവാത്ത അവസ്ഥയിലേക്ക്.
ഇതുവരെ 14,155 പേരെ മാത്രമാണ് വിവിധ സ്ഥലങ്ങളില്‍ താമസ സൗകര്യം നല്‍കി സഹായിക്കാന്‍ സര്‍ക്കാരിനായത്.
ഈസ്റ്റര്‍ അവധിക്കാലത്ത് ഹോട്ടലുകള്‍ക്കും ബി ആന്‍ഡ് ബികളും നേരത്തെ തന്നെ ബുക്ക് ചെയ്ത അതിഥികള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വമാണ് അതിന്റെ ഉടമകള്‍ക്കുള്ളത്. അതോടൊപ്പം അഭയം തേടിയെത്തുന്നവര്‍ക്ക് കൂടി താമസ സൗകര്യം ഒരുക്കുക എന്നത് സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയായി മാറുകയാണ്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കമ്മ്യൂണിറ്റി ഹാളുകളിലെ സൗകര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ഉപയോഗിക്കാനാണ് സാധ്യത. എന്നാല്‍ ഇതോടെ അവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിപാടികള്‍ പാടെ നിന്ന് പോകാനാണ് സാധ്യത.
പൊതുജനങ്ങള്‍ ഉക്രയിന്‍കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന താമസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദ്യം ഉദാരതയോടെ വാഗ്ദാനം നല്‍കിയ പലരും അതില്‍ നിന്നും ഇപ്പോള്‍ പിന്മാറി കഴിഞ്ഞു.
24,000-ത്തോളം പേരാണ് താമസ സൗകര്യം വാഗ്ദാനം ചെയ്തത്. ഇവരെ തേടി ഇപ്പോള്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍ വീട് കയറുകയാണ്. പ്രതിദിനം 1,200-ലധികം പ്രോപ്പര്‍ട്ടി ഉടമകളെ മിലിട്ടറി ബന്ധപ്പെടുന്നു.
എന്നിട്ടും, താമസ സൗകര്യം വാഗ്ദാനം ചെയ്തവരില്‍ പകുതിയോളം പേര്‍ മാത്രമാണ് മിലിട്ടറിക്കാരോട് പ്രതീകരണം അറിയിക്കുക പോലും ചെയ്യുന്നത്.
താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും, ഇന്ന് മന്ത്രിസഭ ഈ വിഷയം വലിയ വിശദമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പുലിവാല്‍ പിടിച്ച അവസ്ഥയിലാണ് സര്‍ക്കാര്‍. വിളിച്ചു വരുത്തിയ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചേ പറ്റു.
ഇനിയും താമസ സൗകര്യം ലഭിച്ചിട്ടില്ലാത്ത അഭയാര്‍ഥികളുടെ കാര്യമാണ് ഏറെ കഷ്ടം. അവര്‍ക്ക് താത്കാലികമായെങ്കിലും പരിമിതമായ സൗകര്യങ്ങളാവും നല്കപ്പെടുകയെന്നത് ഉറപ്പായി കഴിഞ്ഞു.