കോവിഡ് ബാധിതര്‍ക്കുള്ള സെല്‍ഫ് ക്വാറന്റൈന്‍ കാലാവധി കുറയ്ക്കുന്നു

Breaking News Covid Europe International

ഡബ്ലിന്‍: കോവിഡ് ബാധിതര്‍ക്ക് സെല്‍ഫ് ക്വാറന്റൈന്‍ കാലയളവ് കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. കാലാവധി 10ല്‍ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് ഗതാഗത മന്ത്രി എയ്മണ്‍ റയാന്‍ പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ കോവിഡ് ക്വാറന്റൈന്‍ നിയമങ്ങളില്‍ കുടുങ്ങിയത് പൊതു ജീവിതത്തെയും സര്‍വ്വീസുകളേയുമെല്ലാം ബാധിച്ചതോടെയാണ് സെല്‍ഫ് ക്വാറന്റൈന്‍ പീരിയഡ് കുറയ്ക്കുന്നതെന്നാണ് കരുതുന്നത്.

അടുത്ത സമ്പര്‍ക്കങ്ങള്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ സംബന്ധിച്ച നിയമങ്ങളും സര്‍ക്കാര്‍ പുനപ്പരിശോധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ചൊവ്വാഴ്ചത്തെ യോഗത്തില്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള ശുപാര്‍ശകളടക്കമുള്ള അന്താരാഷ്ട്ര ഉദാഹരണങ്ങള്‍ പരിശോധിക്കുമെന്നും ബുധനാഴ്ച ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നും റയാന്‍ പറഞ്ഞു.

സര്‍ക്കാരിൻറെ ഔദ്യോഗിക നയവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ നല്‍കിയ ഉപദേശവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പബ്ലിക് ഹെല്‍ത്തിൻറെ യും സര്‍ക്കാരിൻറെ യും നിലപാടിന് ഐകരൂപ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ തരംഗം യഥാര്‍ത്ഥ വെല്ലുവിളിയാണെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജാഗ്രത പാലിക്കേണ്ടതിൻറെ ആവശ്യകത ഐറിഷ് ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ വിവേകമുള്ളവരാണെന്നും മന്ത്രി റയാന്‍ പറഞ്ഞു.