റഷ്യന്‍ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി സംസാരിക്കാന്‍ തയ്യാറെന്ന് ഉക്രൈന് പ്രസിഡൻറ് സെലന്‍സ്കി. യാതൊരുവിധ ഉപാധികളും ഇല്ലാത്ത കരാറിലേക്കാണ് ഇരുരാജ്യങ്ങളും എത്തേണ്ടതെന്നും സെലന്‍സ്കി പറഞ്ഞു.
ക്രിമിയയെ ഒരിക്കലും റഷ്യയുടെ ഭാഗമായി കാണാന്‍ ഉക്രൈന് തയ്യാറാവില്ലെന്ന പ്രസ്താവനയും സെലന്‍സ്കി കഴിഞ്ഞ ദിവസം നടത്തി. ഇറ്റാലിയന്‍ ടിവി ചാനലായ RAI ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്കി ഇത് പറഞ്ഞത്. ക്രിമിയ സ്വയംഭരണാവകാശമുള്ളതും, സ്വന്തമായി പാര്‍ലിമെൻറ് ഉള്ളതുമായ പ്രദേശമാണ്, എന്നാല്‍ അത് ഉക്രൈന് ഉള്ളില്‍ തന്നെയാണ് നിലകൊള്ളുന്നതെന്ന് റഷ്യ ഓര്‍ക്കണമെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ സൈന്യം ഞങ്ങളുടെ മണ്ണ് വിട്ട് പുറത്തുപോവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ഞങ്ങളുടെ പ്രദേശത്തെ വിലയായി നല്‍കിക്കൊണ്ട് പുടിൻറെ മുഖം രക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും, സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
അതേസമയം റഷ്യയുടെ ഭാവി സംബന്ധിച്ചും ഞങ്ങള്‍ ചിന്തിക്കുന്നുണ്ട്, റഷ്യയെയടക്കം അയല്രാജ്യങ്ങളായാണ് ഉക്രൈന് പ്രസിഡൻറ് എന്ന നിലയില്‍ ഞാന്‍ കണക്കാക്കുന്നത്, റഷ്യയില്‍ പ്രസിഡന്റുമാരും, തലമുറകളും മാറിവരുമെന്നും സെലന്‍സ്കി അഭിമുഖത്തില്‍ പറഞ്ഞു. സെലന്‍സ്കിയുമായി നടത്തിയ അഭിമുഖത്തിൻറെ പൂര്‍ണ്ണഭാഗം ശനിയാഴ്ച RAI പുറത്തുവിടും.