റോം : ഇറ്റാലിയന്‍ പ്രസിഡന്റായി രണ്ടം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് സെര്‍ജിയോ മറ്റരെല്ല. വ്യാഴാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വലിയ കരഘോഷങ്ങളോടെയായിരുന്നു പാര്‍ലിമെന്റ് അംഗങ്ങള്‍ മറ്റരെല്ലയെ അഭിനന്ദിച്ചത്.
തന്നെ രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുത്തതിലൂടെ തീര്‍ത്തും പുതിയതും, അപ്രതീക്ഷിതവുമായ ഒരു ഉത്തരവാദിത്തമാണ് തന്നിലേക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. ഇതില്‍ നിന്ന് തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും, ഒഴിഞ്ഞുമാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റരെല്ല സത്യപ്രതിജ്ഞയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ദിവസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമായിരുന്നു ഇറ്റാലിയന്‍ പ്രസിഡന്റായി രണ്ടാം വട്ടവും മറ്റരെല്ല തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊരു വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ അംഗങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ മറ്റെരെല്ല ഒരു രണ്ടാമൂഴത്തിന് തയ്യാറാവുകയായിരുന്നു. എട്ടാം റൗണ്ടില്‍ 759 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
ഇറ്റാലിയന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ച്ച ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് മറ്റരെല്ല. 2013 ല്‍ സമാനമായൊരു പ്രതിസന്ധി ഉണ്ടായപ്പോള്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജിയോ നപ്പോളിറ്റാനോയെ രണ്ടാം ടേമിനായി അംഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നു.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പരിചയമുള്ള മറ്റരെല്ല ഇരുപത്തി അഞ്ച് വര്‍ഷത്തോളം ഇറ്റാലിയന്‍ പാര്‍ലിമെന്റ് അംഗമായിരുന്നു. പാര്‍ലിമെന്ററി റിലേഷന്‍സ്, വിദ്യാഭ്യാസം, പ്രതിരോധം എന്നീ വകപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായും, ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായും മറ്റരെല്ല തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2011 മുതല്‍ അദ്ദേഹം ഇറ്റാലിയന്‍ ഭരണഘടനാ കോടതി ജഡ്ജായും സേവനമനുഷ്ടിച്ചിരുന്നു. 2015 ലായിരുന്നു മറ്റരെല്ല ആദ്യമായി ഇറ്റാലിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.