പൂനെ : രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുള്ള നൂറാം മത്സരത്തില്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും താരമായി മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിൻറെ വമ്പന്‍ ജയമാണ് സഞ്ജുവും കൂട്ടരും നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദറും(14 പന്തില്‍ 40) ഹൈദരാബാദിൻറെ തോല്‍വിഭാരം കുറച്ച് നാണക്കേടില്‍ നിന്നും രക്ഷിച്ചു. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.
സഞ്ജുവിൻറെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും മറ്റൊരു മലയാളിയായ ദേവ്ദത്ത് പടിക്കലിൻറെ തട്ട് പൊളിപ്പന്‍ ഇന്നിംഗ്‌സിൻറെയും അവസാനം ഷിമ്രോണ്‍ ഹെറ്റ്‌മെയറും കത്തികയറിയപ്പോള്‍ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാൻറെ ടോപ് സ്‌കോറര്‍.