കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി ജര്‍മ്മന്‍ ആരോഗ്യ മന്ത്രി

Covid Europe Headlines

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ കോവിഡ് വന്‍ ദുരന്തമാകുമെന്ന തരത്തിലുള്ള ഭയാനക മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി. വിന്ററിൻറെ അവസാനത്തോടെ ജര്‍മ്മനിയില്‍ വാക്സിനെടുക്കാത്തവരെല്ലാം ഒന്നുകില്‍ അസുഖം വന്നു സുഖം പ്രാപിക്കുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാൻറെ ഓര്‍മ്മപ്പെടുത്തല്‍.

ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതിന് കൂടുതല്‍ ആളുകളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് മന്ത്രിയുടെ പ്രസ്താവനയുടെ ലക്ഷ്യമെന്ന് കരുതുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജര്‍മ്മനിയില്‍ 30,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഏകദേശം 50% വര്‍ദ്ധനവാണിത്. ഐസിയു ശേഷി ഏതാണ്ട് തീര്‍ന്നതായി ആശുപത്രികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധന അര്‍ത്ഥമാക്കുന്നത് ശൈത്യകാലത്തിൻറെ അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത എല്ലാവരും കോവിഡ് ബാധിതരാകുമെന്ന് മന്ത്രി പറയുന്നു. അവരില്‍ ചിലര്‍ മരിക്കുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ വ്യക്തമാക്കുന്നു.

സാമൂഹിക അകലം പാലിക്കണമെന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ മാത്രമേ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ നാലാമത്തെ തരംഗത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂവെന്നും മന്ത്രി വിശദീകരിച്ചു.