രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

Breaking News India Kerala Politics

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വ്യാഴാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ ജൂണ്‍ 30 ജൂലൈ 1, 2 എന്നീ തീയതികളില്‍ കേരളത്തിലുണ്ടാകും. രാഹുല്‍ഗാന്ധിയ്ക്ക് വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എകെ ജി സെന്ററിന് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഓഫീസ് അടിച്ചുതകര്‍ത്ത 19 എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുളളത്. വെള്ളിയാഴ്ചയാണ് സംഭവം. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലായെന്നാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംപിയുടെ വയനാട് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു.

ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ജീവനക്കാരനെ പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.