ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻറെ ഓഫീസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സംഘര്‍ഷം. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് രാഹുലിന് അകമ്പടിയായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. 20ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാഹുലിനെ എഐസിസി ആസ്ഥാനത്ത് നിന്നും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.
സംഭവ സ്ഥലത്തേയ്ക്ക് പ്രതിഷേധവുമായി എത്തിയ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല, ചത്തീസ് ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗല് തുടങ്ങിയവരടക്കമുള്ള നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലന്നും രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്നുമാണ് ഡല്‍ഹി പൊലീസ് പറഞ്ഞത്. അവസാനം ഒരു അഭിഭാഷകനെ മാത്രം ഇ ഡി ആസ്ഥാനത്തേക്ക് കടത്തിവിടാമെന്ന് അവസാനം പൊലീസ് സമ്മതിച്ചു.
പൊലീസിൻറെ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറിയ പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെയും പൊലീസ് തടഞ്ഞു. ഇഡി ഓഫീസിലേക്ക് രാഹുലിനെ മാത്രം പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
എഐസിസി ഓഫീസിന് സമീപത്തെ എല്ലാ റോഡുകളും പോലീസ് അടച്ചു. കേന്ദ്രസേന എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. എഐസിസി ഓഫീസിനും ഇഡി ഓഫീസിനും ഇടയിലെ ഒന്നര കിലോമീറ്റര്‍ പൂര്‍ണമായും പൊലീസ് വലയത്തിലാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്ക്കാന് അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.