രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പുതിയ പരിശീലകന്‍

Headlines India Sports

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിയുടെ പിന്‍ഗാമിയായാണ് ദ്രാവിഡിൻറെ നിയമനം.

ബിസിസിയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സുലക്ഷ്ണ നായിക്കും ആര്‍പി സിങ്ങും ഐക്യകണ്‌ഠേന ദ്രാവിഡിനെ പരിശീലകനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഏറെ നാളുകള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.

വരാനിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ഈ സ്ഥാനമേറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു.

48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.