സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍

Headlines India Kerala Politics

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. തിരഞ്ഞെടുപ്പ് പരാജയം നിരാശയുണ്ടാക്കിയെന്നും തോല്‍വിയില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നയങ്ങളില്‍ മാറ്റം വരുത്താതെ ബിജെപിക്ക് കേരളത്തില്‍ രക്ഷയില്ലെന്നും എന്നാല്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുമുള്ള അകല്‍ച്ചയില്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീധരന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ സജീവമാകുന്നില്ല എന്നതിന് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും താന്‍ ഒരു രാഷ്ട്രീയക്കാരന്‍ ആയല്ല രാഷ്ട്രീയത്തില്‍ വന്നത് മറിച്ച് ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേതിനെക്കാള്‍ അധികം മറ്റ് വഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. എന്നാല്‍ അവസാന നിമിഷം വരെ പൊരുതി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടു. മെട്രോമാൻറെ ആ പോരാട്ടം മാത്രമായിരുന്നു ബിജെപിക്ക് ഏക ആശ്വാസം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി മനസില്‍കണ്ട ഇ ശ്രീധരൻറെ പുതിയ പ്രഖ്യാപനം ദേശീയ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നതില്‍ സംശയമില്ല.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞെങ്കിലും സ്ഥിരമായി രാഷ്ട്രീയചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പല കാര്യങ്ങളും നന്നാക്കാതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്ന് മുന്നറിയിപ്പും നല്‍കിയാണ് ശ്രീധരൻറെ സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള പിന്മാറ്റം.