ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ‘മലയാളിത്തിളക്കം’; ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ് ആപ്പ്

Headlines India Qatar Special Feature Sports Technology

ഖത്തറില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫിഫ ലോകകപ്പിൻറെ ഔദ്യോഗിക സ്പോണ്‍സറായി ബൈജൂസ് ആപ്പിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഫിഫ ലോകകപ്പിൻറെ പ്രധാന സ്‌പോണ്‍സറാകുന്ന ആദ്യ കമ്പനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍. ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍ ലോകകപ്പിൻറെ സ്പോണ്‍സര്‍മാരാകുന്നതും ആദ്യമായാണ്.

വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനം സമാനതകളില്ലാത്ത കുതിപ്പാണ് നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻറെ സപോണ്‍സര്‍ഷിപ്പ് ഇതിനകം നേടിയിട്ടുള്ള ബൈജൂസ്, ഫുട്‌ബോള്‍ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പും ഇപ്പോള്‍ നടത്തിക്കഴിഞ്ഞു.

‘ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിൻറെ ഔദ്യോഗിക സ്‌പോണ്‍സറെന്ന നിലയില്‍ ലോകവേദിയില്‍ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു,’ ബൈജൂസ് ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ്. പല വിദേശ വന്‍കിട കമ്പനികള്‍ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്. ഫിഫ ലോകകപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നതിൻറെ ആവേശത്തിലാണ് ഞങ്ങള്‍. ഇതുപോലൊരു രാജ്യാന്തര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തിലും വിദ്യാഭ്യാസവും സ്‌പോര്‍ട്‌സും ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നതിലും സന്തോഷമുണ്ടെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.