ഗ്രൗണ്ടിംഗ് തര്‍ക്കം ഖത്തര്‍ എയര്‍വേയ്‌സിനുള്ള 50 വിമാനങ്ങളുടെ ഓര്‍ഡര്‍ എയര്‍ബസ് റദ്ദാക്കി

Business Headlines Qatar Tourism

വലേറ്റ: എ 350 വിമാനങ്ങളുടെ ഗ്രൗണ്ടിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന് നല്‍കിയ ബില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന 50 വിമാനങ്ങളുടെ ഓര്‍ഡര്‍ എയര്‍ബസ് റദ്ദാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഫ്യൂസ്ലേജ് പ്രശ്‌നത്തെ തുടര്‍ന്ന് 13 എ350 വിമാനങ്ങള്‍ ഗ്രൗണ്ടിംഗ് നടത്താന്‍ രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഉത്തരവിട്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.

തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത തേടാന്‍ തയ്യാറാണെന്ന് എയര്‍ബസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നിട്ടും ഖത്തര്‍ എയര്‍വേയ്‌സ് ലണ്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തര്‍ക്കത്തില്‍ ഇരു കമ്പനികളും വ്യാഴാഴ്ച കോടതിയില്‍ ആദ്യ വാദം കേട്ടിരുന്നു. ഏപ്രില്‍ 26ന് അടുത്ത ഹിയറിങ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തര്‍ക്കം ലണ്ടന്‍ കോടതിയിലെത്തിയതോടെ പ്രശ്നം പരിഹരിക്കുന്നതുവരെ യൂറോപ്യന്‍ കമ്പനിയില്‍ നിന്നുള്ള കൂടുതല്‍ ഡെലിവറി സ്വീകരിക്കുന്നത് നിര്‍ത്തുകയായിരുന്നു.

കരാറിന് വിരുദ്ധമായി എ350 വിമാനങ്ങളുടെ ഡെലിവറി എടുക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഓര്‍ഡറുകള്‍ റദ്ദാക്കിയതെന്ന് എയര്‍ബസ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് കരാര്‍ ബാധ്യതകള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും എയര്‍ബസ് ആരോപിച്ചു.

ഇടിമിന്നലില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കുന്ന മെറ്റാലിക് മെഷ് പെയിന്റ് ഡീഗ്രേഡേഷൻറെ പ്രശ്നം കമ്പനി അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നം എയര്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് എയര്‍ബസ് വിശദീകരിക്കുന്നത്. ഇക്കാര്യം യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) സ്ഥിരീകരിച്ചതാണെന്നും ഇവര്‍ വിശദീകരിക്കുന്നു.