പി.എസ്.സി റാങ്ക് പട്ടിക ചുരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

തിരുവനന്തപുരം : പി.എസ്.സി റാങ്ക് പട്ടിക ചുരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എച്ച്‌. സലാമിന്റെ സബ്‌മിഷന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്. ഒഴിവുകള്‍ക്ക് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച്‌ മാത്രം പട്ടിക തയ്യാറാക്കുന്നത് ആലോചിച്ച്‌ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ അഞ്ചിരട്ടിയോളം പേരെ ഉള്‍പ്പെടുത്തിയുള‌ള റാങ്ക്‌ലിസ്‌റ്റില്‍ എല്ലാവര്‍ക്കും ജോലി കിട്ടുകയില്ല. എന്നാല്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ പലതരം അനഭിലഷണീയമായ പ്രവണതകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇതുമൂലം വിധേരാകുന്നതായി വ്യക്തമായതോടെയാണ് ഇങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജസ്‌റ്റിസ് ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച്‌ ഇക്കാര്യത്തില്‍ സര്‍ക്കാ‌ര്‍ തുടര്‍തീരുമാനമെടുക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പി‌എസ്‌സി നിയമനം സംബന്ധിച്ച്‌ വിവരങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ തസ്‌തികകള്‍, അവിടെ ജോലി ചെയ്യുന്നവര്‍, ഇവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം അനുവദിച്ച തസ്‌തികകള്‍ തുടങ്ങി വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.