അഗ്‌നിപഥ് പദ്ധതി: പ്രതിഷേധം രൂക്ഷം, പൊലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു

Bihar Breaking News Crime Gujarat Telangana

ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിൻറെ അഗ്‌നിപഥ് പദ്ധതിക്ക് എതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് തീവച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് നടത്തിയ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. പദ്ധതിക്കെതിരെ പ്രതിഷേധവുമായി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിൻറെ ജനല്‍ച്ചില്ലുകളും തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനാണ് പൊലീസ് വെടിവെയ്പ് നടത്തിയത്.

ബീഹാറിലും പ്രതിഷേധക്കാര്‍ രണ്ടു ട്രെയിനുകള്‍ കത്തിച്ചു. സമസ്തിപൂരിലും ലക്കിസരായിയിലുമാണ് ട്രെയിനുകള്‍ കത്തിച്ചത്. രണ്ട് സ്റ്റേഷനുകളിലും നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. നവാഡയില്‍ കല്ലേറില്‍ ബിജെപി എംഎല്‍എ അരുണാദേവി ഉള്‍പ്പെടെ 5 പേര്‍ക്കു പരുക്കേറ്റു. ഇവിടെ ബിജെപി ഓഫിസിനു തീവയ്ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന്‍ പരിസരവും തകര്‍ത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരില്‍ ട്രെയിന്‍ അടിച്ചുതകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ വാരണാസിയില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. രാജ്യത്താകെ 34 ട്രെയിനുകള്‍ പൂര്‍ണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി.

അഗ്‌നിപഥ്’ പദ്ധതിയുടെ പ്രായപരിധി 21 വയസ്സായി നിശ്ചയിച്ചതിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങള്‍ക്ക് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസ്സില്‍നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇളവ് ഒരു വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെൻറ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നത്.

പദ്ധതിയ്ക്ക് കീഴില്‍ നാല് വര്‍ഷത്തേക്ക് താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗാര്‍ഥികളില്‍ വലിയൊരു വിഭാഗം പരാതിപ്പെടുന്നു. നാല് വര്‍ഷം കഴിഞ്ഞാല്‍ കരിയറില്‍ എന്ത് ചെയ്യുമെന്ന് അവര്‍ ചോദിക്കുന്നു. അഗ്‌നിപഥ് പദ്ധതിയിലൂടെ ജോലി ലഭിക്കുന്നയാള്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അഗ്‌നിപഥ് പദ്ധതിയിലൂടെ അഗ്‌നിവീര്‍ ആയി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ബിരുദത്തിന് 50 ശതമാനം ക്രെഡിറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ വര്‍ഷം 46000 പേരെ ഈ പദ്ധതി വഴി സൈന്യത്തില്‍ എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഗ്‌നിപഥിന് കീഴില്‍, നാല് വര്‍ഷത്തിന് ശേഷം നിര്‍ബന്ധിത വിരമിക്കല്‍ നടത്തിയ യുവാക്കളെ സിവിലിയന്‍ ജോലികളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. കൂടാതെ നാലുവര്‍ഷത്തെ സേവനകാലം പൂര്‍ത്തിയാക്കിയാക്കുന്നവര്‍ക്ക് സംരംഭകത്വം, തുടര്‍പഠനം, മറ്റ് ജോലികളില്‍ മുന്‍ഗണന എന്നിങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.